'സന്ദീപ് വാര്യരെ സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ല'; കെ എന്‍ ബാലഗോപാല്‍

പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ആഭ്യന്തര പ്രശ്‌നം ഉണ്ടായാല്‍ അവിടേക്ക് ചെല്ലുന്ന ശീലം സിപിഐഎമ്മിന് ഇല്ലെന്നും കെ എന്‍ ബാലഗോപാല്‍

dot image

തിരുവനന്തപുരം: സന്ദീപ് വാര്യരെ സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ആളുകളുടെ നിലപാട് നോക്കിയാണ് സിപിഐഎം സ്വീകരിക്കുകയെന്നും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ആഭ്യന്തര പ്രശ്‌നം ഉണ്ടായാല്‍ അവിടേക്ക് ചെല്ലുന്ന ശീലം സിപിഐഎമ്മിന് ഇല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഒറ്റപ്പെട്ടു. കേരളത്തില്‍ ബിജെപി വലിയ തകര്‍ച്ചയിലായി. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമ്പോഴാണ് സന്ദീപ് വാര്യര്‍ അവിടേക്ക് പോയത്. കരുത്തും സംഘടന ബലവും ഉണ്ടായിരുന്നുവെങ്കില്‍ സരിന്‍ കോണ്‍ഗ്രസ് വിടില്ലായിരുന്നല്ലോ എന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. പാലക്കാട് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം എല്‍ഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു.

ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാന്‍ വേദിയില്‍ അണിനിരന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും സാഹോദര്യത്തിന്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യര്‍ക്ക് സ്വാഗതമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

Content Highlight: k n balagopal about Kerala BJP leader Sandeep warrier joins Congress

dot image
To advertise here,contact us
dot image