'ശിഖണ്ഡികളെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പ് ജയിക്കാമെന്നത് സതീശന്റെ വ്യാമോഹം'; അധിക്ഷേപ പരാമർശവുമായി സുരേന്ദ്രൻ

എസ്ഡിപിഐയെയും പിഎഫ്‌ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്നുള്ളത് വി ഡി സതീശന്റെ വ്യാമോഹം മാത്രമാണെന്ന് സുരേന്ദ്രന്‍ അധിക്ഷേപിച്ചു

dot image

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 'ശിഖണ്ഡി'കള്‍ പലപ്പോഴുമുണ്ടാകുമെന്ന പരാമര്‍ശമാണ് സന്ദീപിനെതിരെ സുരേന്ദ്രന്‍ നടത്തിയത്. വോട്ടെണ്ണല്‍ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് അറിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

BJP State President K Surendran
കെ സുരേന്ദ്രന്‍

'ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടികളിലല്ല, ഭൂമിയില്‍ കാലുറപ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് 23ാം തീയതി വോട്ടെണ്ണുമ്പോള്‍ പറയാം. ശിഖണ്ഡികള്‍ പലപ്പോഴുമുണ്ടാകും. എസ്ഡിപിഐയെയും പിഎഫ്‌ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്നുള്ളത് വി ഡി സതീശന്റെ വ്യാമോഹം മാത്രമാണ്', സുരേന്ദ്രന്‍ പറഞ്ഞു.

വി ഡി സതീശന്‍ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബലിധാനികളെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്നും പുറത്താക്കാനും മാത്രം സന്ദീപ് ബിജെപിയില്‍ ആരുമല്ലായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാന്‍ വേദിയില്‍ അണിനിരന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും സാഹോദര്യത്തിന്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യര്‍ക്ക് സ്വാഗതമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

Content Highlights: K Surendran against Sandeep G Varier

dot image
To advertise here,contact us
dot image