ആലപ്പുഴ: പൊലീസില്‍ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയില്‍. തമിഴ്‌നാട് സ്വദേശി സന്തോഷ് സെല്‍വമാണ് പിടിയിലായത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍.
ഇന്ന് വൈകിട്ടോയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് സന്തോഷ് സെല്‍വം രക്ഷപ്പെട്ടത്. കൈവിലങ്ങ് ധരിച്ച്, പൂര്‍ണനഗ്നനായായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്. പ്രതി പൊലീസിനെ ആക്രമിച്ചതായി ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബു പറഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ രക്ഷപ്പെടുത്താന്‍ എത്തിയിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് സമീപം കാടുപിടിച്ച പ്രദേശത്ത് ഒഴിഞ്ഞുകിടന്ന ഒരു ഷെഡ്ഡില്‍ നിലത്ത് കുഴികുത്തിയായിരുന്നു ഇയാള്‍ ഒളിച്ചിരുന്നത്. ഒരു ഷീറ്റ് ഇട്ട് മൂടുകയും ചെയ്തിരുന്നു. പ്രദേശത്ത് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നയാളും പിടിയിലായിരുന്നു. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുവാ സംഘം ഭീതിപരത്തിയിരുന്നു. പകല്‍സമയങ്ങളില്‍ പ്രദേശത്ത് കറങ്ങി നടക്കുകയും രാത്രിയാകുമ്പോള്‍ മോഷണത്തിനിറങ്ങുന്നതുമാണ് ഇവരുടെ രീതി. ശരീരമാസകലം കരിപുരട്ടി മുഖം മറച്ചാണ് സംഘം എത്തിയിരുന്നത്. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാല കുറുവാ സംഘം മോഷ്ടിച്ചിരുന്നു.
അതിനിടെ കൊച്ചി പറവൂരില്‍ കുറുവാ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രി വീടിന് പുറത്ത് ലൈറ്റ് തെളിച്ചിടണം, സിസിടിവി ക്യാമറകള്‍ പരിശോധിക്കണം, ആയുധ സ്വഭാവമുള്ള വസ്തുക്കള്‍ പറമ്പില്‍ അലക്ഷ്യമായി ഇടരുത്, റോഡുകളില്‍ അസ്വഭാവിക സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ പൊലീസിനെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
Content Highlights- kuruva team member caught by police near kundannur bridge