പാലക്കാട്: കോണ്‍ഗ്രസിനകത്ത് സംഘര്‍ഷമുണ്ടാക്കുന്ന സ്‌ഫോടക വസ്തുവായിരിക്കും സന്ദീപ് വാര്യരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിനകത്ത് ഓരോ തുരുത്തുകളായി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരികയാണ്. സന്ദീപ് വാര്യര്‍ വരുന്നതോടെ ആ സംഘര്‍ഷം മറ്റൊരു തലത്തിലേയ്ക്ക് മാറും. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം പാടുപെടുമെന്നും എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ടര്‍ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.
വി ഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന കോക്കസാണ് സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിയൊരുക്കിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നിട്ടും ഒന്നും അറിഞ്ഞില്ല എന്ന ഭാവമായിരുന്നു വി ഡി സതീശന്. നെഹ്‌റു കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ആളാണ് സന്ദീപ് വാര്യര്‍. സന്ദീപിന്റെ വരവ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ വിജയത്തെ ഒരുവിധത്തിലും ബാധിക്കില്ല. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആളുകളുടെ നിലപാടും സമീപനവും അനുസരിച്ച് മാത്രമേ പാര്‍ട്ടിക്ക് നിലപാട് സ്വീകരിക്കാന്‍ സാധിക്കൂ. സരിന്റെ കാര്യത്തില്‍ ആ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ഇടതുപക്ഷ നിലപാട് സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം ഒരാള്‍ ഒറ്റ ദിവസംകൊണ്ട് പാര്‍ട്ടിയുടെ ഭാഗമാകില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- m v govindan on sandeep varier congress entry