മലപ്പുറം: സന്ദീപ് വാര്യര്‍ മനസ് മാറിയാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം മതേതരത്വത്തെ ശക്തിപ്പെടുത്താനാണ്. അത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. വര്‍ഗീയ ഫാസിസം ശക്തിപ്രാപിക്കുകയാണ്. അതിനിടയില്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍പ്പിടിക്കാന്‍ സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന ആളാണ് സന്ദീപ്. മുന്‍പ് പല പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ടാകും. അതില്‍ നിന്നെല്ലാം മനസ് മാറിയാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാഗമായത്. എല്ലാക്കാലത്തും എല്ലാവരും ഒരേ കാര്യം ചിന്തിക്കില്ല. മാറ്റങ്ങള്‍ വരും. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസില്‍ എത്തിയത്. മതേതരമൂല്യങ്ങളിലേക്ക് അദ്ദേഹം തിരിച്ചുവന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏറെ നാളായി ബിജെപിയുമായി ഇടഞ്ഞ് നിന്നിരുന്ന സന്ദീപ് വാര്യര്‍ ഇന്ന് രാവിലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രതിപക്ഷ നോതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദീപ് വാര്യരെ സ്വീകരിക്കാന്‍ വേദിയില്‍ അണിനിരന്നിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ സന്ദീപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സന്ദീപ് പ്രതികരിച്ചു.
Content Highlights- sadique ali sihab thangal on sandeep varier congress entry