'രക്ഷപ്പെട്ടത് കൈവിലങ്ങോടുകൂടി പൂർണ്ണന​ഗ്നനായി';കുറുവസംഘത്തിൽപ്പെട്ട പ്രതി പൊലീസിൻ്റെ കയ്യിൽനിന്നും ചാടിപ്പോയി

എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്

dot image

കൊച്ചി: കുണ്ടന്നൂരിൽ കുറവാ സംഘത്തിൽപ്പെട്ടതെന്ന് സംശയിക്കുന്നയാൾ ആലപ്പുഴ പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി സന്തോഷാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. കൈവിലങ്ങോടുകൂടി പൂർണ്ണന​ഗ്നനായിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായിരുന്നു. സ്ത്രീകളും കുട്ടികളും കുട്ടികളും ഉൾപ്പെടെയുള്ളവർ പൊലീസിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഡിഐജിയുടെ നേതൃത്വത്തിൽ കുണ്ടന്നൂരിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

എറണാകുളം പറവൂരിലെ കുറുവ മോഷണ സംഘത്തിൻ്റെ ഭീതിയിൽ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ ജാ​ഗ്രതാ നിർദേശം നൽകി. രാത്രി വീടിന് പുറത്ത് ഒരു ലൈറ്റ് തെളിച്ചിടണം, സിസിടിവ ക്യാമറകൾ പരിശോധിക്കണം. ആയുധ സ്വഭാവമുള്ള വസ്തുക്കൾ പറമ്പിൽ അലക്ഷ്യമായി ഇടരുതെന്നും ഡിവൈഎസ്പിയുടെ മുന്നറിയിപ്പിൽ പറയുന്നു. റോഡുകളിൽ അസ്വഭാവിക സാഹചര്യത്തിൽ ആളുകളെ കണ്ടാൽ പൊലീസിനെ അറിയക്കാനും നിർ​ദേശമുണ്ട്.

ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ഇയാളാണ് ഇപ്പോൾ പൊലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയതും.

പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാലയും കുറുവ സംഘം മോഷ്ടിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഭീതിയായി മാറിയ കുറുവ സംഘത്തിന്റെ രേഖ ചിത്രം വരയ്ക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അക്രമത്തിനിരയായ തൂക്കുകുളം സ്വദേശി ബിപിന്‍ ബോസില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് പൊലീസിന്റെ തീരുമാനം. അക്രമിയുടെ മുഖം വ്യക്തമായി കണ്ടെന്ന് ബിപിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് ബിപിനില്‍ നിന്ന് വിവരം തേടി രേഖ ചിത്രം വരയ്ക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

കൊച്ചിയില്‍ ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പത്തോളം വീടുകളില്‍ കുറുവ സംഘമെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്ന് കുറുവ സംഘത്തിന് സമാനമായ മോഷണ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നാണ് സംശയിക്കുന്നത്.

അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍ അറിയിച്ചിരുന്നു. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനിലുമടക്കം പെടോളിംഗ് വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image