പാലക്കാട്: സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ബോധപൂര്‍വമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി സാദിഖലി തങ്ങളെ നിന്ദ്യമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മുനമ്പം പ്രശ്‌നത്തിലെ നിലപാടില്‍ സാദിഖലി തങ്ങളെ മുഖ്യമന്ത്രി അഭിനന്ദിക്കുമെന്നാണ് കരുതിയത്. തൃശൂര്‍ പോലെ മുനമ്പവും സുവര്‍ണാവസരമാക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ നശിപ്പിക്കാനുള്ള താത്പര്യം മാത്രമാണുള്ളതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അത് കോണ്‍ഗ്രസ് വിരോധം കൊണ്ടാണോ ആരെയെങ്കിലും പേടിച്ചിട്ടാണോ എന്നറിയില്ല. സന്ദീപ് വാര്യര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള ഏറ്റവും മികച്ച മറുപടി ഒ കെ വാസുവിന്റെ കാര്യമാണ്. വര്‍ഗീയത ഉപേക്ഷിച്ച് മതേതര നിലപാട് സ്വീകരിക്കുന്നവരെ കോണ്‍ഗ്രസ് സ്വീകരിക്കും. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാലക്കാട്ടെ കള്ള പ്രചാരണങ്ങളെ ജനം തിരിച്ചറിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പാണ്. കേരള രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജീര്‍ണതകളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടന്നുപോകുന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയം പറയേണ്ട സിപിഐഎം, അതിന് മുതിരാതെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലേക്ക് പാലക്കാടിനെ തിരിച്ചുവിടുകയാണ് ചെയ്തത്. വിവാദങ്ങളെല്ലാം സൃഷ്ടിച്ചിരുന്നത് കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ചാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights- congress leader k c venugopal against cm pinarayi vijayan on his statement about sadiq ali thangal