തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ച് കടക്കാൻ സഹപാഠികൾ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.
സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിൻ്റെ സഹോദരൻ പറയുന്നത്. പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.
അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്നങ്ങളെ പറ്റി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതെ പോയതിൽ അമ്മുവിനെ കുറ്റപ്പെടുത്തി. അനുവാദം ഇല്ലാതെ മുറിൽ കയറി പരിശോധന നടത്തിയെന്നും ഇതിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. കോളേജിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. ഇത് പുറത്ത് പറയുമോയെന്ന് ഭയന്ന് അമ്മുവിനെ അപായപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlight: Death of nursing student in Pathanamthitta The family is accused of being mysterious