ശബരിമല: സന്നിധാനത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ദര്‍ശനത്തിന് ഇനി പ്രത്യേക പരിഗണന നല്‍കും. മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരിയാണ് അവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നത്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്.
കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാത്ത പല ഭക്തരും ഫ്‌ളൈ ഓവര്‍ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താലാണ് പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മടിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
Content Highlights: Special consideration will now be given to babies who come to Sabarimala Sannidhanam