മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പാദിപ്പിക്കുന്നുവെന്ന് എസ്‌വൈഎസ് ആരോപിച്ചു. വര്‍ഗ്ഗീയത നിറഞ്ഞ മനസ്സില്‍ നിന്ന് പുറത്ത് വരുന്ന ദുര്‍ഗന്ധ വര്‍ത്തമാനങ്ങള്‍ മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ക്കപമാനമാണെന്നും എസ്‌വൈഎസ് പറഞ്ഞു. പാണക്കാട് തങ്ങളെ കുറിച്ചുള്ള പുതിയ പ്രസ്താവന വെറുപ്പുല്‍പാദിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ സമൂഹം അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നും എസ്‌വൈഎസ് പറഞ്ഞു.
മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോളാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വരെയുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ? അദ്ദേഹം ഇന്നലെവരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് നല്ലത് പോലെ അറിയാവുന്നവരാണല്ലോ? അതിലുള്ള അമര്‍ഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വര്‍ത്തമാനം പറഞ്ഞാല്‍ ശമിപ്പിക്കാന്‍ കഴിയുമോ? എന്താണ് ഈ സന്ദര്‍ശനത്തിന്റെ പിന്നിലെന്ന് സ്വാഭാവികമായും മനസിലാക്കാന്‍ കഴിയും. ഇത് യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നുവെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആ ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ലീഗ് തുടര്‍ന്നതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളിലുണ്ടായിരുന്നു. അപ്പോഴാണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരുന്നത്. അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദ്ദിഖലി തങ്ങളെപ്പോലെ അല്ല. പക്ഷേ അന്നത്തെ തങ്ങള്‍ സര്‍വരാലും ആദരിക്കുന്ന തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: SYS strongly criticized the Chief Minister's remarks against Panakkad Sadiqali Shihab Thangal