കൊച്ചി: എറണാകുളത്ത് നിന്നും പിടികൂടിയ കുറുവ സംഘത്തില്‍ പെട്ടെവരെന്ന് സംശയിക്കുന്നവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാവും ഇന്ന് ചോദ്യംചെയ്യല്‍. തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, സന്തോഷ് സെല്‍വം തുടങ്ങിയവര്‍ ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്.
ജില്ലയില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്‌നാട് സ്വദേശികളിലേക്ക് എത്തിയത്.
കസ്റ്റഡിയിലെടടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെല്‍വം പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ വലിച്ചുകെട്ടിയ ടാര്‍പ്പോളിന്‍ ഷീറ്റിന് അടിയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സന്തോഷ്. ഇയാളുടെ ഭാര്യയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴയിലും കുറുവ സംഘത്തിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണഞ്ചേരി, കായംകുളം, കരിയിലകുളങ്ങര, കോമളപുരം എന്നിവിടങ്ങളിലാണ് കുറുവ സഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാലയും കുറുവ സംഘം മോഷ്ടിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഭീതിയായി മാറിയ കുറുവ സംഘത്തിന്റെ രേഖ ചിത്രം വരയ്ക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അക്രമത്തിനിരയായ തൂക്കുകുളം സ്വദേശി ബിപിന്‍ ബോസില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് പൊലീസിന്റെ തീരുമാനം. അക്രമിയുടെ മുഖം വ്യക്തമായി കണ്ടെന്ന് ബിപിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് ബിപിനില്‍ നിന്ന് വിവരം തേടി രേഖ ചിത്രം വരയ്ക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.
Content Highlight: Those who are suspected to be members of Kuruva Gang will be subjected for thorough examination today