കരുത്ത് കാട്ടാന്‍ മുന്നണികള്‍; പാലക്കാടും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം

മുദ്രാവാക്യപ്പോരിലാണ് മഹാരാഷ്ട്രയിൽ മഹായുതിയും മഹാവികാസ് അഘാടിയയും

dot image

പാലക്കാട്: തീപാറും ആവേശത്തില്‍ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.

ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്‌ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും.

ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പി സരിനും, മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും ആരംഭിക്കും. ഇരട്ട വോട്ട്, കള്ളപ്പണ ആരോപണം തുടങ്ങി നിരവധി വിഷയങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ഉയര്‍ന്നത്.

പാലക്കാട് സ്ഥാനാർത്ഥികള്‍, പി സരിന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, സി കൃഷ്ണകുമാർ
പാലക്കാട് സ്ഥാനാർത്ഥികള്‍

പാലക്കാടിന് പുറമെ കൊട്ടക്കലാശത്തിന്റെ ചൂടിലാണ് മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്.

വിഭജിച്ചാല്‍ നശിക്കും എന്നര്‍ത്ഥം വരുന്ന 'ബാത്തേംഗേ തോ കാട്ടേംഗെ' എന്ന മുദ്രാവാക്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗം നേരിടുന്ന പ്രതിസന്ധികള്‍ നിലനില്‍ക്കെ ഹിന്ദുസമൂഹത്തോട് ഐക്യത്തോടെ നില്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബിജെപിയുടെ താരപ്രചാരകനായ യോഗി പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനായിരുന്നു ഈ മുദ്രാവാക്യം പ്രയോഗിച്ചിരുന്നത്. ഭയപ്പെട്ടാല്‍ മരണമാണ് കാത്തിരിക്കുന്നത് എന്നായിരുന്നു ബിജെപി വാദത്തോട് കോണ്‍ഗ്രസിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും വിഭജിച്ച വിമത നേതാക്കളായ അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും മത്സരരംഗത്തുണ്ട് എന്നതാണ് തിരഞ്ഞെടുപ്പിലെ കൗതുകം.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ജാര്‍ഖണ്ഡില്‍ ഇന്ന് നടക്കും. വൈകീട്ട് ആറോടെയാണ് കൊട്ടിക്കലാശം. കൊട്ടിക്കലാശം അടുത്തതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് എല്ലാ പാര്‍ട്ടികളും.

Content Highlight: Election campaigns to end today in Maharashtra, Jharkhand, Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us