കൊട്ടിക്കലാശം ശക്തിപ്രകടനമാക്കി മുന്നണികള്‍; പാലക്കാട് പരസ്യപ്രചാരണം അവസാനിച്ചു

നാളെ നിശബ്ദപ്രചാരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്

dot image

പാലക്കാട്: ആവേശം വാനോളം ഉയര്‍ത്തി പാലക്കാട് പരസ്യപ്രചാരണം അവസാനിച്ചു. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരത്തോളം അണികള്‍ പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. നാളെ നിശബ്ദപ്രചാരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്.

ഓരോ മുന്നണികളും അവരവരുടെ കൊട്ടിക്കലാശം കളര്‍ഫുള്ളാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപിയില്‍ നിന്നെത്തിയ സന്ദീപ് വാര്യര്‍, ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞുള്ള കുടമാറ്റമായിരുന്നു യുഡിഎഫിന്റെ ഹൈലൈറ്റ്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പോസ്റ്ററും യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ ഉയര്‍ന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനായി മന്ത്രി എം ബി രാജേഷ്, എ എ റഹീം എം പി, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അടക്കമുള്ളവര്‍ അവസാനഘട്ട പ്രചാരണത്തിനെത്തി. ഒരുഘട്ടത്തില്‍ സരിന്‍ ക്രെയിനില്‍ കയറിയത് അണികള്‍ക്കിടയില്‍ ആവേശം ഉയര്‍ത്തി. എല്‍ഡിഎഫ് പ്രചാരണത്തിലുടനീളം സരിന്റെ ചിഹ്നമടങ്ങിയ പതാക പാറിപ്പറന്നു.

എന്‍ഡിഎ ക്യാമ്പിന്റെ ആവേശവും കൊട്ടിക്കലാശത്തിലുടനീളം പ്രകടമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ക്രെയിനില്‍ എത്തിയാണ് അണികളെ അഭിവാദ്യം ചെയ്തത്. സി കൃഷ്ണകുമാറിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും എത്തിയിരുന്നു. ഒരു ഭാഗത്ത് ക്രെയിനില്‍ സി കൃഷ്ണകുമാര്‍ അണികള്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ മറ്റൊരു ഭാഗത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടിയും ചുവടുവെച്ചും ആഘോഷം പങ്കിടുകയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി നേതാവിന്റെ പ്രചാരണത്തില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച കൊടിയും പാറി. മണിക്കൂറുകള്‍ നീണ്ട ആവേശം ആറ് മണിയോടെ അവസാനിച്ചു.

Content Highlights- final campaign of palakkad by election is end

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us