തിരുവനനന്തപുരം: മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തി ഐസിഎംആർ. ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ, എൻ സംയുക്തകുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പഠനത്തിൽ കണ്ടെത്തി.
ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാകം ചെയ്താലും ചില ബാക്ടീരിയകൾ നിലനിൽക്കും.
വ്യാവസായികാടിസ്ഥാനത്തിൽ പ്രൗൾട്രി ഫാമുകൾ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ആൻറിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ തീവ്രയജ്ഞം നടക്കുന്നുണ്ട്. അപ്പോഴാണ് ഈ നിർണായകമായ കണ്ടെത്തൽ എന്നതും ശ്രദ്ധേയമാണ്. കേരളത്തിന് പുറമേ, തെലങ്കാനയിൽനിന്നുള്ള സാമ്പിളുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: ICMR-NIN scientists conduct first gene profiles in poultry