മുനമ്പം ഭൂമി പ്രശ്‌നം; മുസ്‌ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപ ആസ്ഥാനത്ത്

ലത്തീന്‍ സഭയുടെ എല്ലാ ബിഷപ്പുമാരും വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയിട്ടുണ്ട്

dot image

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് അതിരൂപത ആസ്ഥാനത്ത് എത്തിയത്. ലത്തീന്‍ സഭയുടെ എല്ലാ ബിഷപ്പുമാരും വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയിട്ടുണ്ട്. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

Munambam
മുനമ്പം സമരത്തിൽ നിന്നും

നേരത്തെ മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നവംബര്‍ ഒന്നിന് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ആവശ്യം ഉയര്‍ന്നത്. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്നം പോകരുതെന്നും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നുമായിരുന്നു അന്ന് ആവശ്യപ്പെട്ടത്.

മുനമ്പം ഭൂമി പ്രശ്നം മുസ്ലിം സമുദായത്തിനിടയില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു സാദിഖലി തങ്ങള്‍ യോഗം വിളിച്ചത്. മുനമ്പത്തുള്ളവര്‍ വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണെന്നും ഭൂമി സംബന്ധമായ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദത്തെ ദോഷകരമായി ബാധിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

Also Read:

കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങണമെന്നും യോഗം ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നേരിട്ടോ കമ്മീഷന്‍ വഴിയോ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണം. സമവായത്തിലെത്താനുള്ള പരിശ്രമങ്ങള്‍ക്കും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മുസ്ലിം ലീഗ് നേതാക്കള്‍ക്ക് പുറമേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം മര്‍ക്കസുദ്ദഅ്വ, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, എംഇഎസ്, എംഎസ്എസ് സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ടി പി അബ്ദുല്ലക്കോയ മദനി, ഡോ ഹുസൈന്‍ മടവൂര്‍, പി മുജീബ് റഹ്‌മാന്‍, എ ഐ മജീദ് സ്വലാഹി, എ അസ്ഗറലി, പ്രൊഫ. എ കെ ഹമീദ്, സി പി ഉമര്‍ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കെ സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, വി പി അബ്ദുറഹ്‌മാന്‍, അഡ്വ. പി കെ അബൂബക്കര്‍, കെ എം മന്‍സൂര്‍ അഹമ്മദ്, ഇ ടി അഷ്റഫ് ബാഖവി, പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights: Muslim League leaders reached Varappuzha archdiocese to discuss Munambam issue

dot image
To advertise here,contact us
dot image