'പാലക്കാട്ടെ കർഷകർക്കൊപ്പം നിൽക്കും, മൾട്ടി സ്പോർട്സ് അക്കാദമി സ്ഥാപിക്കും'; വാഗ്ദാനങ്ങളുമായി സരിൻ

പാലക്കാട്ടെ കർഷകർക്കൊപ്പം നിൽക്കുമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്നും സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു

dot image

പാലക്കാട്: വോട്ടർമാർക്ക് കൊടുക്കുന്ന മൂന്ന് പ്രധാന വാഗ്ദാനങ്ങൾ വിവരിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. പാലക്കാട്ടെ കർഷകർക്കൊപ്പം നിൽക്കുമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്നും സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു. പാലക്കാട്ടെ വീടുകളിലുള്ള കൊച്ചു മിടുക്കരെ പുറംലോകത്തേക്ക് എത്തിക്കാനായി മൾട്ടി സ്പോർട്സ് അക്കാദമിയും മെൻററിംഗ് ഹബ്ബുകളും സ്ഥാപിക്കുമെന്നതാണ് സരിൻറെ രണ്ടാമത്തെ വാഗ്ദാനം.

ഇൻറർനാഷണൽ സ്‌കൗട്ട്സും ഏജൻറുകളും വന്ന് ഇവിടത്തെ പ്രതിഭകളെ കൊത്തിപ്പറക്കണമെന്നും സ്ഥാനാർത്ഥി പറഞ്ഞു. തിരുവനന്തപുരത്തേക്ക് ഒരാവശ്യത്തിന് പോയിവരാൻ യാത്ര സുഗമമാക്കാനുള്ള ഫെസിലിറ്റേഷൻ സെൻറർ ഉറപ്പാക്കുമെന്നതാണ് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻറെ മൂന്നാമത്തെ വാഗ്ദാനം. കഴിഞ്ഞ തവണ എൽഡിഎഫിന് ലഭിച്ച വോട്ടുകളേക്കാൾ ഇരട്ടി ഇത്തവണ ലഭിക്കുമെന്നും സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു.

പാലക്കാടിൻറെ കാർഷിക മേഖലയിൽ ഏതുതരത്തിലാണോ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട ഇടപെടലുകൾ വേണ്ടത് അതുണ്ടാകും. കർഷകർക്കൊപ്പം നിൽക്കും. പാലക്കാടിൻറെ രക്തത്തിലുള്ളതാണ് കൃഷി. രണ്ടാമത്തെ വാഗ്ദാനം, ഇവിടത്തെ ജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുമെന്നതാണ്. അതിനായി മൾട്ടി സ്പോർട്സ് അക്കാദമിയും മെൻററിംഗ് ഹബ്ബുകളും ഇവിടെ വേണം.

ഇൻറർനാഷണൽ സ്‌കൗട്ട്സും ഏജൻറുകളും വന്ന് നമ്മുടെ പ്രതിഭകളെ കൊത്തിപ്പറക്കണം. പാലക്കാട്ടെ വീടുകളിലുള്ള കൊച്ചു മിടുക്കരെ പുറംലോകത്തേക്ക് എത്തിക്കും. അതിനുള്ള ഇടപെടലുണ്ടാകും. തിരുവനന്തപുരത്തേക്ക് ഒരാവശ്യത്തിന് പോയിവരാൻ യാത്ര സുഗമമാക്കാനുള്ള ഫെസിലിറ്റേഷൻ സെൻറർ ഉറപ്പാക്കും.

അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്നാണ് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങൾക്കാണ് പാലക്കാട് സാക്ഷിയായത്. കോൺഗ്രസിനൊപ്പം നിന്നിരുന്ന പി സരിൻ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായത് മുതൽ കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.

ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിക്കും. ഉച്ചയ്ക്ക് ആരംഭിക്കുന്ന മൂന്ന് മുന്നണികളുടേയും റോഡ് ഷോകൾ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും.

Content Highlights: P Sarin describes the three main promises to the voters

dot image
To advertise here,contact us
dot image