'ദി ലവ് ഓഫ് മൈ ലൈഫ്'; കമിതാക്കൾക്ക് എഴുതിപഠിക്കാന്‍ വിട്ടുകൊടുത്ത് കോടികള്‍ മുടക്കിയൊരു ഇന്‍ഡോര്‍ സ്‌റ്റേഡിയം

കാടുമൂടി കിടക്കുകയാണ് ഗാലറി. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും മലിനജലം ഒഴുകുന്നത് കാണാം

dot image

പാലക്കാട്: കോടികള്‍ മുടക്കി നിര്‍മിച്ചിട്ടും ഉപയോഗശൂന്യമായി തുടരുകയാണ് പാലക്കാട്ടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം. 2010ലാണ് പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്നീട് നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു. പാലക്കാട് വികസന പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോർട്ടർ നടത്തുന്ന യാത്രയിലാണ് കണ്ടെത്തല്‍.

കാലപ്പഴക്കമെത്തിയതോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകി വീഴുന്നുണ്ട്. ഇതിന് പുറമെ കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയിലായി കമിതാക്കളുടെ കുറിപ്പുകളും കാണാം. അതിക്രമിച്ചുകയറുന്നവര്‍ക്ക് കുത്തിക്കുറിക്കാനുള്ള ചുമരുകള്‍ മാത്രമായി മാറിയിരിക്കുകയാണ് സ്റ്റേഡിയം.

ഇന്‍ഡോര്‍ സ്‌റ്റേഡിയം

പതിമൂന്നരക്കോടി രൂപയായിരുന്നു പദ്ധതിക്ക് നിശ്ചയിച്ചിരുന്നത്. കായിക മത്സരങ്ങള്‍ നടത്തേണ്ടിയിരുന്ന സ്റ്റേഡിയത്തില്‍ ബുക്ക് ഫെസ്റ്റുകള്‍ പോലുള്ള പരിപാടികള്‍ മാത്രമാണ് സംഘടിപ്പിച്ചിരുന്നത്. നിലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. കാനഡയില്‍ നിന്ന് കൊണ്ടുവരുന്ന മേപ്പിള്‍ തടി ഉപയോഗിച്ച് നിലം നിര്‍മിക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. നിലവില്‍ 14 കോടി രൂപ മുതല്‍മുടക്കിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കാനാണ് നീക്കം.

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം

സര്‍ക്കസും എക്‌സിബിഷനുകളും നടക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം. കാടുമൂടി കിടക്കുകയാണ് ഗാലറി. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും മാലിന്യജലം ഒഴുകുന്നത് കാണാം. വര്‍ഷങ്ങളായി വരുന്ന തിരഞ്ഞെടുപ്പില്‍ മാറിവരുന്ന സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനം പട്ടികയില്‍ ഇടംപിടിക്കുന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് ഉണ്ടായിട്ടില്ല.

Content Highlight: Palakkad stadiums in distress. authorities gave up

dot image
To advertise here,contact us
dot image