പ്രായമായില്ലേ, ഓർമ്മക്കുറവും ബുദ്ധിക്കുറവുമൊക്കെ ഉണ്ടാകും; തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അൻവർ

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പി വി അൻവർ എംഎൽഎ

dot image

പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പി വി അൻവർ എംഎൽഎ. പിടിത്തം വിട്ടിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ആയേ ഇതിനെ കാണാനാവൂ എന്നും അദ്ദേഹം മാറേണ്ട സമയം കഴിഞ്ഞുവെന്നുമായിരുന്നു പി വി അൻവറിൻറെ പ്രതികരണം. ഓർമക്കുറവും ബുദ്ധിക്കുറവുമൊക്കെ ഉണ്ടാകുമെന്നും പാർട്ടി ഇതൊന്നും മനസിലാക്കാതെ അദ്ദേഹത്തെയും കൊണ്ട് മുന്നോട്ടുപോയാൽ അബദ്ധത്തിലേക്ക് ചെന്നുചാടുമെന്നും അൻവർ പ്രതികരിച്ചു.

അൻവറിന്‍റെ വാക്കുകൾ
ലീഗിനെക്കുറിച്ച് പറഞ്ഞാലും ആളുകളത് രാഷ്ട്രീയമായേ കാണൂ. മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെ ഡാമേജിംഗ് ആണ്. പിടിത്തം വിട്ടിട്ടുള്ള മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്മെൻറ് ആയേ ഇതിനെ കാണാനാവൂ. അദ്ദേഹം മാറേണ്ട സമയം കഴിഞ്ഞു. മനുഷ്യർക്ക് ഒരു പത്തെഴുപത്തഞ്ച് വയസുകഴിഞ്ഞാൽ ഓർമക്കുറവും ബുദ്ധിക്കുറവുമൊക്കെ ഉണ്ടാകും. നമ്മുടെ നാട്ടിലതിനെ ചെന്നി എന്നൊക്കെ പറയും. ആ തരത്തിലുള്ള പ്രയാസത്തിലേക്ക് അദ്ദേഹം കടന്നിട്ടുണ്ട്. പാർട്ടി ആ കാര്യങ്ങളൊന്നും മനസിലാക്കാതെ അദ്ദേഹത്തെയും കൊണ്ട് മുന്നോട്ടുപോയാൽ അബദ്ധത്തിലേക്ക് ചെന്നുചാടും.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്ന് പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്നും സമൂഹം ഉൾക്കൊള്ളാത്ത ഒന്നാണെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

ഗവൺമെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങൾ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്കെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മുനമ്പം വിഷയത്തിലടക്കം മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സാദിഖലി തങ്ങളുടെ ഇടപെടൽ ജനങ്ങൾ കാണുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനമെന്നും ഗവൺമെന്റിന്റെ ഗുഡ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടിപറഞ്ഞിരുന്നു.

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ബോധപൂർവമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. മുഖ്യമന്ത്രി സാദിഖലി തങ്ങളെ നിന്ദ്യമായ ഭാഷയിലാണ് വിമർശിച്ചത്. മുനമ്പം പ്രശ്‌നത്തിലെ നിലപാടിൽ സാദിഖലി തങ്ങളെ മുഖ്യമന്ത്രി അഭിനന്ദിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. തങ്ങൾക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുർബലതയായി കണ്ട് മെക്കിട്ട് കേറാൻ വന്നാൽ ട്രൗസർ ഊരുമെന്നും ലീ​ഗ് നേതാവ് പറഞ്ഞു.

പിണറായി വിജയന് സംഘി ബന്ധമുണ്ടെന്ന് ചന്ദ്രിക മുഖപത്രത്തിലും വിമർശനമുണ്ട്. തൃശ്ശൂർ പൂരം കലക്കിയതിലും മുനമ്പം വിഷയത്തിലും ചന്ദ്രിക വിമർശനം ഉയർത്തുന്നു. സാദിഖലി തങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ സംഘപരിവാർ താൽപര്യങ്ങൾക്ക് മുഖ്യമന്ത്രി കൈത്താങ്ങ് നൽകുകയാണ്. ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ കേരളത്തെ സമാധാന തുരുത്തായി നിർത്തിയത് സാദിഖലി ശിഹാബ് തങ്ങൾ ആയിരുന്നു. തങ്ങളെ വിമർശിക്കുന്നതിലൂടെ മുഖ്യമന്ത്രി ചെറുതാവുകയാണെന്നും ചന്ദ്രിക മുഖപത്രത്തിൽ പറയുന്നു.

Content Highlights: PV Anvar mla against Pinarayi Vijayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us