ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസിൽ അറസ്റ്റിലായ കുറുവ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം. സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതൽ അറിയാൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചിൽ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്. കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറുവ സംഘത്തിൽപ്പെട്ട 14 പേരാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേരളത്തിൽ 8 കേസുക്കൾ ഉൾപ്പടെ 30 ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്.
സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ കൂടി പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴ് അംഗ സ്പെഷ്യൽ സ്ക്വാഡ് ആണ് കുറുവ മോഷണക്കേസ് അന്വേഷിക്കുന്നത്. അതേസമയം സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേർത്തിട്ടില്ല. ഇയാൾക്ക് കുറുവ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. എറണാകുളം പറവൂരിൽ നടന്ന മോഷണ ശ്രമങ്ങൾക്ക് പിന്നിൽ കുറവ സംഘം തന്നെയാണോ എന്നും പരിശോധിക്കുകയാണ് പൊലീസ്.
മോഷണം നടത്തേണ്ട വീടുകളെ കുറിച്ച് കൃത്യമായി പഠിച്ച ശേഷം എത്തുന്നവരാണ് കുറുവ സംഘം. പകല്‍ അനുകൂല സാഹചര്യമുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.
മോഷണത്തിന് ആറ് മാസം മുമ്പ് തന്നെ ഇവര്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഇവര്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച നടത്തുക. മദ്യപിച്ചായിരിക്കും കുറുവ സംഘം മോഷണത്തിനെത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ട് ധരിക്കില്ല. നിക്കറോ, മുണ്ടോ ആയിരിക്കും വേഷം. ശരീരമാസകലം എണ്ണയും കരിയും തേക്കും. മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് പിടിവിടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
കുറുവയെന്നാണ് വിളിക്കുന്നതെങ്കിലും തമിഴ്‌നാട്ടില്‍ കുറുവ സംഘത്തെ നരിക്കുറുവയെന്നാണ് വിളിക്കുന്നത്. കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രം. എന്നാല്‍ ഇക്കൂട്ടര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലത്ത് മലയാളം മാത്രമേ സംസാരിക്കുകയുള്ളു. മോഷണത്തില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ നല്‍കിയെങ്കിലും ഇപ്പോഴും ഇവര്‍ ഷെഡുകളിലാണ് താമസിക്കുന്നത്.
Content highlights- Santhosh Kurua gang member, taken into custody by police; Santosh will be crucial to know about the group