പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക് പോവുകയാണ്. മൂന്ന് മുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്. നിശബ്ദപ്രചരണ ദിനമായ ഇന്നും മൂന്ന് മുന്നണികളും സജീവമാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മണ്ഡലം ഇക്കുറി പിടിച്ചെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പരാജയപ്പെട്ടത് കേവലം 3859 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ശക്തമായ പ്രചരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തുന്നത്.
അതേ സമയം തന്നെ ബിജെപിയെ ഭയപ്പെടുത്തുന്ന ഒരു കണക്കുകൂടിയുണ്ട്. അത് തങ്ങള്‍ക്ക് വലിയ ലീഡ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന പാലക്കാട് നഗരസഭയെ കുറിച്ചാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു.
അതേ സമയം ഷാഫിയ്ക്ക് 2021ല്‍ വന്‍ ലീഡ് നല്‍കിയ പിരായിരി പഞ്ചായത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനോടൊപ്പം നിന്നു. 6201 വോട്ടിന്റെ ലീഡാണ് 2021ല്‍ നല്‍കിയതെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6388 വോട്ടാണ് നല്‍കിയത്. ഇൗ ലീഡ് ബിജെപിയെ വലിയ തോതില്‍ ഭയപ്പെടുത്തുന്ന ഒന്നാണ്.
മറ്റ് പഞ്ചായത്തുകളായ മാത്തൂരിലും കണ്ണാടിയിലും ബിജെപി മൂന്നാം സ്ഥാനത്താണ്. മാത്തൂരില്‍ 322 വോട്ടിനും 419 വോട്ടിന്റെയും ലീഡിന് എല്‍ഡിഎഫ് ഒന്നാമതായി.ഈ കണക്കുകളെയെല്ലാം മറികടന്ന് വേണം ബിജെപിക്ക് പാലക്കാട് ജയിച്ചു കയറാന്‍. അതിനാല്‍ തന്നെ ആര്‍എസ്എസ് ആണ് ബിജെപി പ്രചാരണത്തെ നയിക്കുന്നത്. നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലും പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് ആര്‍എസ്എസ് ശ്രമം.
Content Highlights: A number of 497 that scares the BJP at Palakkad