'രാഷ്ട്രീയവിമർശനത്തിന് മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധം'; 'തങ്ങൾ വിമർശനം' രൂക്ഷമാക്കി സിപിഐഎം

മുഖ്യമന്ത്രി പിണറായി വിജയന്റെ മതനിരപേക്ഷ നിലപാടിന് മുസ്ലിം ലീഗിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പ്രസ്താവനയിൽ

dot image

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനം തുടർന്ന് സിപിഐഎം. രാഷ്ട്രീയവിമർശനം പറയുമ്പോൾ മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നുവെന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന.

അധികാരത്തിനുവേണ്ടി മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മത മൗലികവാദ കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ രാഷ്ട്രീയ വിമർശനം സ്വാഭാവികമാണെന്ന് സിപിഐഎം പ്രസ്താവനയിൽ പറയുന്നു.

രാഷ്ട്രീയ വിമർശനമേൽക്കുമ്പോൾ മത നേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നത് ഹീന നിലപാടാണ്. ഈ രീതി മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല. ലീഗിന്റെ അധ്യക്ഷ പദവിയിലിരുന്ന പാണക്കാട് തങ്ങൾമാരെല്ലാം രാഷ്ട്രീയ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ലീഗ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന്റെ കൂടി നിലപാടുകളാണെന്നും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മതനിരപേക്ഷ നിലപാടിന് മുസ്ലിം ലീഗിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇതോടെയാണ് ഈ പരാമർശത്തിൽ ഒരു രാഷ്ട്രീയയയുദ്ധം തന്നെ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും രംഗത്തുവന്നിരുന്നു.

ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരുന്ന പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. സമയം വരുമ്പോൾ കാണാം എന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമാണെന്ന് ആരോപിച്ച സതീശൻ ന്യൂനപക്ഷ വർഗീയതിൽ സിപിഐഎം നിലപാട് താത്പര്യത്തിനനുസരിച്ചാണ്‌ എന്നാണ് വിമർശിച്ചത്.

മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്തുണയുമായി ഇടതുപക്ഷ നേതാക്കളും രംഗത്തുവന്നിരുന്നു. തങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം എന്തോ പാതകം ചെയ്ത പോലെയെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും, രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയവിമർശനം സ്വാഭാവികമാണ് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. ഇതിന് പിന്നാലെയാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിമർശനവും.

Content Highlights: CPIM takes Panakkad Thangal criticism stronger

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us