'സാങ്കേതികത ഉയര്‍ത്തിപ്പിടിച്ച് വിവാദമാക്കുന്നു'; എല്‍ഡിഎഫ് പരസ്യത്തില്‍ ജില്ലാ സെക്രട്ടറി

'എല്‍ഡിഎഫ് വിജയിക്കുമെന്ന വെപ്രാളമാണ് ഷാഫിക്ക്'

dot image

പാലക്കാട്: ഇടത് സ്ഥാനാര്‍ത്ഥി പി സരിന്റെ പരസ്യത്തിലെ ഉള്ളടക്കത്തില്‍ എന്തെങ്കിലും വിവാദമുണ്ടോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട്. പത്രപ്പരസ്യത്തിനായി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല എന്ന് മാധ്യമങ്ങള്‍ പറയുന്നുവെന്നും വിവാദം എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുന്നത് തന്നെ തെറ്റാണെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

സാങ്കേതികമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഞങ്ങള്‍ അനുമതിക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ മറുപടിയും വിശദീകരണവും കൊടുക്കും. ഷാഫി യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനെ യുഡിഎഫുമായി ബന്ധിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഷാഫി വടകരക്ക് പോയത്. ബിജെപിക്ക് എങ്ങനെ മുനിസിപ്പാലിറ്റി കിട്ടുന്നു. കോണ്‍ഗ്രസിന്റെ വോട്ട് എവിടെ പോയി?. എല്‍ഡിഎഫ് വിജയിക്കുമെന്ന വെപ്രാളമാണ് ഷാഫിക്ക്. കൊടകരയിലെ നാല് കോടിക്ക് ഷാഫി മറുപടി പറഞ്ഞോവെന്നും കേസ് കൊടുത്തോയെന്നും ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.

സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ ഇന്നുണ്ടായ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇ എന്‍ സുരേഷ് ബാബുവും മന്ത്രി എം ബി രാജേഷും മാധ്യമങ്ങളെ കണ്ടത്. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്.

പത്രപരസ്യത്തിന്റെ ഔട്ട്‌ലൈന്‍ എംസിഎംസി സെല്ലിന്റെ സമിതിയില്‍ നല്‍കി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. ജില്ലാ കളക്ടര്‍ ആണ് ഈ പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്ന വിവരമാണ് പുറത്തുവന്നത്.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളിലാണ് എല്‍ഡിഎഫ് പരസ്യം നല്‍കിയിരിക്കുന്നത്. അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. വാര്‍ത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയല്‍ എന്ന് പറയുന്നത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

Content Highlight: en suresh babu about ldf advertisement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us