'സസ്പെൻസ് ത്രില്ലർ' തിരഞ്ഞെടുപ്പിൽ നാളെ പോളിങ്; ഇന്ന് നിശബ്ദപ്രചാരണം

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജനം നാളെ വിധിയെഴുതും

dot image

പാലക്കാട്: കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ആവേശത്തിരയൊഴുകിയ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ, ജനം നാളെ വിധിയെഴുതും. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം.

മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ, പി സരിൻ, സി കൃഷ്ണകുമാർ
രാഹുൽ മാങ്കൂട്ടത്തിൽ, പി സരിൻ, സി കൃഷ്ണകുമാർ

പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.

2021ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന്, നിയമസഭാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. സ്ഥാനാർഥി സി കൃഷ്ണകുമാർ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ജനകീയനുമാണ്. എന്നാൽ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാർട്ടി അനുഭാവികളല്ലാത്ത വോട്ടർമാരെ എങ്ങനെ സ്വാധീനിക്കും എന്നത് പ്രധാനമാണ്.

മഹാരാഷ്ട്രയില്‍ നാളെയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാന നേതാക്കളെല്ലാം അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുറപ്പാക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ താനെയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പ്പൂര്‍ മേഖലയിലും ശരത് പവാര്‍ ബാരാമതിയിലും ഉദ്ദവ് തക്കറെ ഇന്ന് മുംബൈ മേഖലയിലുമാണ് ഉള്ളത്. അദാനി-നരേന്ദ്ര മോദി കൂട്ടികെട്ടിനായി മഹാരാഷ്ട്രയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനാണ് മഹായുതി സഖ്യം ശ്രമിക്കുന്നതെന്ന ആരോപണം ഇന്നലെ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏറ്റവും അധികം സീറ്റുകളില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. മഹാവികാസ് അഘാടിയിലെയും മഹായുതി സഖ്യത്തിലെയും ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിലനില്പിന്റെ കൂടി പോരാട്ടമാണ്.

ജാർഖണ്ഡിലെ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പും നാളെയാണ്. 38 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 13ന് നടന്നിരുന്നു. രണ്ടാം ഘട്ടത്തിൽ ഗോത്ര മേഖലയിലാണ് കൂടുതൽ മണ്ഡലങ്ങൾ ഉള്ളത്. ആകെ 528സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉള്ളത്. ആകെ 14,218 ബൂത്തുകളിൽ 900 ബൂത്തുകൾ മാവോയിസ്റ്റ് മേഖലകളിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ജാർഖണ്ഡിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Polling tomorrow at palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us