എല്‍ഡിഎഫ് പരസ്യം കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം, പരസ്യത്തിന് പണം കൊടുത്തത് ബിജെപി: സന്ദീപ് വാര്യര്‍

'വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്. എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും എന്റെ മേല്‍ കെട്ടിവെച്ചു'

dot image

കൊച്ചി: സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പരസ്യം. വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്. എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും തന്റെ മേല്‍ കെട്ടിവെച്ചു. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ വിരുദ്ധ പരാമര്‍ശം തിരിച്ചടിക്കും എന്ന് സിപിഐഎമ്മിന് ഭയമുണ്ട്. ഇതുകൊണ്ടാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'വിഷം വമിപ്പിക്കുന്ന സ്ഥലത്ത് നിന്നും സ്‌നേഹത്തിന്റെ കടയിലേക്കാണ് ഞാന്‍ വന്നത്. പഴയ കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതില്ല. എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ്. പിന്നെന്തിനാണ് ഇപ്പോള്‍ എന്നെ മോശക്കാരന്‍ ആക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ശോഭ കെടുത്താനാണ് ശ്രമം നടക്കുന്നത്. ഇത് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ആകും. പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. എന്നെ വര്‍ഗീയവാദി എന്ന് മുദ്രകുത്തുന്നവര്‍ക്ക് ഖലീഫ ഉമറിന്റെ ചരിത്രം അറിയില്ല. ഇതിലും വലിയ ആക്ഷേപം നേരിട്ട ആളാണ് പ്രവാചകന്‍', സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് പരസ്യത്തില്‍ നിന്ന്
എല്‍ഡിഎഫ് പരസ്യത്തില്‍ നിന്ന്

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയാണ് സിറാജിലും സുപ്രഭാത്തിലും എല്‍ഡിഎഫ് പരസ്യം നല്‍കിയത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

dot image
To advertise here,contact us
dot image