പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കൊമ്പുകോര്‍ത്ത് മുന്നണികള്‍. പറക്കുന്നം എല്‍പി സ്‌കൂള്‍ 34, 35 ബൂത്ത് സന്ദര്‍ശനത്തിനെത്തിയ എള്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം. വെണ്ണക്കരയിലെ 48-ാം വാര്‍ഡിലെ തിരഞ്ഞെടുപ്പിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെയാണിത്.
'വരിനില്‍ക്കുന്ന ഓരോ മനുഷ്യനും എനിക്ക് പ്രധാനമാണ്. സമയം കഴിഞ്ഞു പോളിംഗ് കഴിഞ്ഞു എന്ന് പറഞ്ഞു. അത് സാധിക്കില്ലല്ലോ. നാല്‍പതിലേറെ ബൂത്തുകളിലായി അയ്യായിരത്തോളം ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. അവരെ കാണാന്‍ പോകേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. അത് കണക്കാക്കി ബൂത്തിലെത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നെ തടഞ്ഞു. എന്റെ പ്രവര്‍ത്തകരെ ഞാന്‍ കാര്യം പറഞ്ഞ് മനസിലാക്കി. അന്തസ്സിലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. ഏത് സമയത്തും ഏത് ബൂത്തിലും കയറിച്ചെല്ലാന്‍ സ്ഥാനാര്‍ത്ഥിക്ക് അവകാശമുണ്ട്. അത് കോണ്‍ഗ്രസ് മനസിലാക്കണം', പി സരിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ആളുകള്‍ ക്യൂ നില്‍ക്കുന്നത് സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് വിവരം ലഭിച്ചുവെന്നും തനിക്ക് വരാന്‍ സൗകര്യമില്ലെന്ന നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്നും സരിന്‍ ആരോപിച്ചു. തോറ്റയാള്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തകരുടെ ദുഃഖം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും സരിന്‍ പരിഹസിച്ചു.
പോളിംഗ് വൈകിയതോടെ ക്യൂവിലുണ്ടായിരുന്നവരെ കാണാനെത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. ചെറിയ തോതില്‍ ഇരു മുന്നണികളും തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും സ്ഥാനാര്‍ത്ഥി ഇടപെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
Content Highlight: P Sarin alleges UDF leaders tried to stopped him at Parakkunnam booth