പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എൻഡിഎ സ്ഥാനാർഥി ഐ കൃഷ്ണകുമാർ. പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങൾ ഇപ്രാവശ്യം രേഖപ്പെടുത്തുക എന്നും ചരിത്രപരമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടാകുമെന്നും വോട്ട് ചെയ്ത ശേഷം കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി കൂടിയാകും ഇന്നത്തേത് എന്നും കൃഷ്ണകുമാർ പറഞ്ഞു. വയനാട്ടിൽ പോളിങ് കുറഞ്ഞതിന് കാരണവും രാഹുൽ വയനാടിനെ വഞ്ചിച്ചതാണ്. അതുപോലെതന്നെയാണ് പാലക്കാടും അവസ്ഥയെന്ന് കൃഷ്ണകുമാർ പറഞ്ഞു. കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരൻ പരാജയപ്പെട്ട ചരിത്രവും പാലക്കാടുകാർ തിരുത്തുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പാലക്കാടൻ ജനതയുടെ മനസ് തങ്ങൾക്കൊപ്പമാണെന്നാണ് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പറഞ്ഞത്. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടർമാരുടെ മുഖഭാവങ്ങളിൽ നിന്ന് മനസിലാവും. വോട്ടെണ്ണം കൂടും; ഇരട്ടവോട്ടുള്ളവരൊന്നും പോളിംഗ് ബൂത്തിലെത്തില്ലെന്നും പി സരിൻ പറഞ്ഞു.
Content Highlights: People will vote against shafi, who betrayed palakkad, says C Krishnakumar