'ശുഭപ്രതീക്ഷയാണ് എനിക്ക്, പാലക്കാട് മതേതരത്വം കാത്തുപിടിക്കും'; രാഹുൽ മാങ്കൂട്ടത്തിൽ

മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു.

മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സിറാജ്, സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് പരസ്യത്തെയും രാഹുൽ വിമർശിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തിൽ വെവ്വേറെ പരസ്യങ്ങൾ വരുന്നതെന്നും രാഹുൽ ചോദിച്ചു. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങൾ അതൊന്നും കാര്യമായിട്ടെടുക്കാൻ പോകുന്നില്ലെന്നും, മണ്ഡലത്തിൽ വോട്ട് ചെയ്യാനാകാത്തതിൽ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ വോട്ട് ചേർക്കാൻ തനിക്ക് താത്പര്യമില്ലെന്നും പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ച് ധാർമികത പുലർത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങൾ വിമർശനത്തെയും രാഹുൽ വിമർശിച്ചു. ഇത് വഴി സിപിഐഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും, ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി തീവ്രവാദ നിലപാട് എന്ന് പറയുന്നത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

സന്ദീപ് വാര്യർ പരസ്യ വിവാദത്തിലും രാഹുൽ പ്രതികരിച്ചു. സുരേന്ദ്രനെതിരെയോ മറ്റ് ബിജെപി നേതാക്കൾക്കെതിരെയോ എന്തുകൊണ്ടാണ് ഇത്തരത്തിൽ പരസ്യം നൽകാത്തതെന്നും ആർഎസ്എസ് വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപിനെ ഉന്നം വെയ്ക്കുന്നത് എന്തിനെന്നും രാഹുൽ ചോദിച്ചു.

സന്ദീപ് വാര്യർക്കെതിരായ പരസ്യം

Also Read:

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പോളിങ് അല്പസമയത്തിനകം തുടങ്ങും. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.

പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.

2021ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന്, നിയമസഭാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. സ്ഥാനാർഥി സി കൃഷ്ണകുമാർ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ജനകീയനുമാണ്. എന്നാൽ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാർട്ടി അനുഭാവികളല്ലാത്ത വോട്ടർമാരെ എങ്ങനെ സ്വാധീനിക്കും എന്നത് പ്രധാനമാണ്.

Content Highlights: Rahul Mamkoottathil confident of winning

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us