ദുബൈ: എല്‍ഡിഎഫിന്റെ വിവാദ പരസ്യം പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സെനുല്‍ ആബിദീന്‍. പരസ്യം ഗുണകരമായത് ബിജെപിക്കാണ്. പത്രം ഒരു പണ്ഡിത സഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. മുനമ്പം വിഷയത്തിലും ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തില്‍ വന്നിരുന്നു, പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രഭാതത്തില്‍ അനുചിത പരസ്യം വന്നത് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കി. മുനമ്പം വിഷയത്തില്‍ മറ്റ് മതസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിച്ച ശേഷം അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് സുപ്രഭാതത്തില്‍ ലേഖനം വന്നപ്പോള്‍ ഒരുപാട് പേര്‍ക്ക് പ്രയാസമുണ്ടാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ഒഴിവാക്കുകയും ചെയ്യേണ്ടതായിരുന്നു. എന്താണ് നിലവില്‍ സംഭവിച്ചതെന്ന് അറിയില്ലെന്നും മറ്റ് തലങ്ങളില്‍ കൂടി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയായിരുന്നു സുപ്രഭാതം, സിറാജ് പത്രങ്ങളിലെ പാലക്കാട് എഡിഷനില്‍ എല്‍ഡിഎഫ് പരസ്യം വന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കിയായിരുന്നു തിരഞ്ഞെടുപ്പിന് തലേ ദിവസം ഇരു പത്രങ്ങളിലും പരസ്യം വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് അനുകൂലമായായിരുന്നു പരസ്യം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടി ഈ വിഷനാവിനെ സ്വീകരിക്കുമോ എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം അച്ചടിച്ചിരിക്കുന്നത്. സരിന്‍ തരംഗം എന്ന തലക്കെട്ടോടെ നല്‍കിയ പരസ്യത്തിന് താഴെയാണ് സന്ദീപ് വാര്യര്‍ മുമ്പ് പങ്കുവെച്ച പോസ്റ്റുകളും വിവാദ പരാമര്‍ശങ്ങളും പരസ്യമായി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലികുട്ടി വിമര്‍ശിച്ചു.
ബിജെപിയെ ജയിപ്പിക്കാന്‍ ഉള്ള പരസ്യമാണ് എല്‍ഡിഎഫ് നല്‍കിയതെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. ബിജെപിയില്‍ നിന്ന് സന്ദീപ് വാര്യര്‍ പോയതിന് ഇടതുപക്ഷം എന്തിനാണ് ഇത്ര കരയുന്നതെന്നും തൃശ്ശൂരില്‍ പൂരം കലക്കിയ പോലെ പാലക്കാടും കലക്കാന്‍ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപരസ്യവുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചതാണെന്നും പരസ്യം കൊടുത്തവര്‍ക്ക് അത് വേണ്ടില്ല എന്ന് ആയിട്ടുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlight: Suprabhatham chief slams paper over LDF advertisement amid Palakkad by-election, says it's against paper's policies