'ആ ഒമ്പതുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം'; അമ്മുവിന്റേത് കൊലപാതകമെന്ന് പിതാവ്, ദുരൂഹതയേറുന്നു

മകളെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും പിതാവ് സജീവ് റിപ്പോര്‍ട്ടറിനോട്

dot image

തിരുനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് സജീവ് പറഞ്ഞു. ഒമ്പത് കുട്ടികള്‍ നിരന്തരം അമ്മുവിനെ ഉപദ്രവിച്ചെന്നും സജീവ് പറഞ്ഞു. അമ്മുവിന് നീതി തേടിയുള്ള റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍ 'ഫൈറ്റ് ഫോര്‍ ജസ്റ്റിസി'ലായിരുന്നു പിതാവിന്റെ പ്രതികരണം. അമ്മു ഡയറിയെഴുതില്ലെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. അമ്മുവിന്റെ മുറിയിലെ ഡയറിയില്‍ നിന്ന് ഐ ക്വിറ്റ് എന്നെഴുതിയ കത്ത് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ammu
അമ്മു

'അമ്മു ഡയറിയെഴുതില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും ഡയറിയെഴുതുന്ന ശീലമില്ല. കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണം. എല്ലാ ദിവസവും അമ്മു വിളിക്കും. ഹോസ്റ്റലില്‍ നിന്ന് കോളേജിലേക്ക് പോകുമ്പോള്‍ വിളിക്കും. വൈകീട്ടും വിളിക്കും. വൈകീട്ട് വിളിക്കാതായപ്പോഴാണ് ഞാന്‍ അങ്ങോട്ട് വിളിക്കുന്നത്. ഫോണ്‍ എടുത്തില്ല. ഭാര്യ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോഴാണ് വാര്‍ഡന്‍ സുധയെ വിളിക്കുന്നത്. അഞ്ചാറ് തവണ വിളിച്ചപ്പോഴാണ് വാര്‍ഡന്‍ ഫോണ്‍ എടുത്തത്. അപ്പോള്‍ ഹോസ്റ്റലിലേക്ക് വരുന്ന വഴിക്ക് അമ്മു കാല്‍ തട്ടി വീണ് ഒടിവുണ്ടെന്ന് പറഞ്ഞു', പിതാവ് പറഞ്ഞു.

അമ്മുവിനെ ആശുപത്രിയിലെത്തിക്കാനും സമയമെടുത്തെന്ന് സജീവ് ആരോപിച്ചു. നാലരയ്ക്ക് വീണെന്നാണ് പിന്നീട് ലഭിച്ച വിവരമെന്നും 20 മിനുറ്റ് പോലും ദൂരമില്ലാത്ത ആശുപത്രിയിലേക്ക് അഞ്ചര മണിക്കാണ് അമ്മുവിനെ കൊണ്ടുപോയതെന്നും പിതാവ് ആരോപിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയത് വസ്ത്രം മാറാനാണെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിന് ചുറ്റും ചെളിയാണെന്നും എന്നാല്‍ അമ്മുവിന്റെ വസ്ത്രത്തില്‍ ഒരു ചെളിയുമില്ലായിരുന്നുവെന്നും സജീവ് പറഞ്ഞു.

'അമ്മുവിനെ ഉപദ്രവിച്ച മൂന്ന് കുട്ടികളും ക്രിമിനലുകളാണ്. ഇവര്‍ മൂന്ന് പേരും അപായപ്പെടുത്തി വസ്ത്രം മാറ്റിയതാണോയെന്നാണ് സംശയം. പത്ത് മുപ്പത്തഞ്ചടി ഉയരത്തില്‍ നിന്ന് വീണിട്ടും അമ്മുവിന് ഒരു പരിക്ക് പോലുമില്ല. കാലിന് ഒടിവുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവരാന്‍ പറഞ്ഞു. അമ്മുവിനോട് സംസാരിച്ചപ്പോള്‍ 'അമ്മ വയ്യ, വയ്യ' എന്ന് പറഞ്ഞയുടനേ വാര്‍ഡന്‍ ഫോണ്‍ വാങ്ങി. പിന്നെ അമ്മുവിന് ഫോണ്‍ നല്‍കിയില്ല. ശ്രീകാര്യം എത്തുന്നത് വരെ അമ്മു സംസാരിച്ചെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്', സജീവ് കൂട്ടിച്ചേര്‍ത്തു.

അമ്മുവിനെ തിരുവനന്തപുരത്തെത്തിച്ചപ്പോള്‍ കയ്യില്‍ ഒരു ഐവി ലൈന്‍ പോലുമിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണ ഒരു പനിയായി പോയാലും ഒരു ഐവി ലൈന്‍ ഇടും. പത്തനംതിട്ടയില്‍ നിന്ന് തന്നെ അമ്മു മരിച്ചിരുന്നു. വാര്‍ഡന്‍ പറഞ്ഞത് കള്ളമാണ്. ആംബുലന്‍സില്‍ നിന്ന് ഇറക്കുമ്പോള്‍ ഓക്‌സിജന്‍ പോലുമില്ലായിരുന്നെന്നും സജീവ് വ്യക്തമാക്കി. ഹോസ്റ്റല്‍ വാര്‍ഡന്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളെ പല തവണ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Ammu father Sajeev
പിതാവ് സജീവ്

'മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ അവര്‍ക്ക് മെമ്മോ കൊടുത്തിരുന്നു. മകള്‍ക്ക് ഭീഷണിയാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഏകദേശം ഒരു മാസത്തോളമായി ഇവര്‍ അമ്മുവിനെ ഉപദ്രവിക്കുന്ന കാര്യം അമ്മു വീട്ടില്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. വാട്‌സ്ആപ്പിലും മെസേജ് അയച്ചിരുന്നു. ഇവര്‍ മൂന്ന് പേരും അമ്മുവിന്റെ സഹപാഠികളാണ്. ശാരീരികമായി ബുദ്ധിമുട്ടുള്ള കുട്ടിയാണ് അമ്മു. മരുന്ന് കഴിച്ച് ഉറങ്ങുമ്പോള്‍ മൂന്ന് പേരും മുറിയില്‍ ചെന്ന് തട്ടിവിളിക്കുകയും കട്ടില്‍ പിടിച്ച് മാറ്റുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഞ്ജന എന്ന വിദ്യാര്‍ത്ഥിയാണ് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്. വാഷ്‌റൂമിന്റെ അടുത്ത് വെച്ച് അലീന എന്ന വിദ്യാര്‍ത്ഥി അടിക്കാന്‍ ചെല്ലുകയും അമ്മു ക്ലാസ് ടീച്ചറിന്റെ മുറിയില്‍ ഓടിക്കയറുകയും ചെയ്തിട്ടുണ്ട്', സജീവ് പറഞ്ഞു.

അമ്മു ടൂര്‍ കോര്‍ഡിനേറ്ററായാല്‍ ഒമ്പത് പേര്‍ വരില്ലെന്നും മാറണമെന്നും അവര്‍ ആവശ്യപ്പെട്ടെന്നും താന്‍ ടൂര്‍ കോര്‍ഡിനേറ്ററാകുന്നില്ലെന്ന് അധ്യാപികയോട് അമ്മു പറഞ്ഞിരുന്നെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അവള്‍ സഹോദരന്റെയടുത്ത് പോകാന്‍ 24ാം തീയ്യതി ടിക്കറ്റ് എടുത്ത് വെച്ചിരുന്നതാണ്. തങ്ങള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും പോകാനുള്ളത് പോയെന്നും സജീവ് വൈകാരികമായി പ്രതികരിച്ചു.

'ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികളെ പോസ്റ്റിങ്ങിന് കൊണ്ടുപോയപ്പോള്‍ ഒരു പ്രൈവറ്റ് ഹോസ്റ്റലിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. അമ്മു ഉള്‍പ്പെടെ 25 പേരുടെ ഒരു ഗ്രൂപ്പും മറ്റൊരു ഗ്രൂപ്പുമായിരുന്നു ഉണ്ടായത്. ഇവര്‍ ഹോസ്റ്റല്‍ വാര്‍ഡനെ നിര്‍ബന്ധിച്ച് സെക്കന്റ് ഷോയ്ക്ക് പോയി. അമ്മു പോട്ടെയെന്ന് ചോദിച്ചപ്പോള്‍ താന്‍ വേണ്ടെന്ന് പറഞ്ഞു. അമ്മു ഒഴിച്ച് 24 പേരും പോയി. അത് കോളേജില്‍ അറിഞ്ഞ് പ്രിന്‍സിപ്പാള്‍ അടക്കം കുട്ടികളെ താക്കീത് നല്‍കി. അന്ന് തൊട്ടാണ് അമ്മുവിനോട് മറ്റുള്ളവർക്ക് വൈരാഗ്യം തോന്നിയത്', പിതാവ് പറഞ്ഞു. ഒമ്പത് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റെയും സര്‍വകലാശാലയുടെയും അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കോളേജ് ബസിലെ ക്യാമറയും പരിശോധിക്കണമെന്നും പിതാവ് സജീവ് ആവശ്യപ്പെട്ടു.

Content Highlights: Ammu father Sajeev responds to reporter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us