പാലക്കാട്: യുഡിഎഫിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വ്യാജവോട്ട് പൂര്‍ണമായും ചെയ്യാന്‍ കഴിയാത്തതില്‍ യുഡിഎഫിനും ബിജെപിക്കും നിരാശയെന്ന് സുരേഷ് ബാബു പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് യുഡിഎഫ് ക്യാമ്പിനെ ബേജാറിലാക്കിയിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞതില്‍ ഷാഫി പറമ്പില്‍ എം പിക്ക് നിരാശയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാജനാണെന്ന് മുന്‍കാല പ്രവര്‍ത്തികളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ വിശ്വസിച്ചുവെന്നും സുരേഷ് ബാബു പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു
ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിനെ തടയാന്‍ എല്‍ഡിഎഫ് എത്തിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഹരിദാസിനെ കായികമായി തടയുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. നിയമപരമായി തടയുമെന്നാണ് തങ്ങള്‍ പറഞ്ഞത്. അത് തങ്ങള്‍ ചെയ്തു. ഹരിദാസ് വോട്ട് ചെയ്യാന്‍ വരില്ലെന്നറിഞ്ഞിട്ടും വി കെ ശ്രീകണ്ഠന്‍ എം പി ഏകാംഗ നാടകം കളിച്ചു. വ്യാജ വോട്ട് സംബന്ധിച്ച് കൃത്യമായ നിലപാട് തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചില്ല. തങ്ങള്‍ ചേര്‍ത്തിട്ടുള്ള എല്ലാ വോട്ടുകളും ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ നാടകം പോലെയല്ല എല്‍ഡിഎഫിന്റെ ഇടപെടലുകള്‍. കാട്ടിക്കൂട്ടലും അഭ്യാസങ്ങളും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
കണ്ണാടി പഞ്ചായത്തിലെ 168, 171 ബൂത്തുകളില്‍ ഇരിക്കാന്‍ കോണ്‍ഗ്രസില്‍ ആളുണ്ടായിരുന്നില്ലെന്നും സുരേഷ് ബാബു ആരോപിച്ചു. മാത്തൂരിലും ചില ബൂത്തുകളില്‍ സാന്നിധ്യമുണ്ടായിരുന്നില്ല. ചിലരെ ഇതിനകം തന്നെ ബിജെപി വിലക്കെടുത്തു. അതുകൊണ്ടാണ് ബൂത്തുകളില്‍ ഇരിക്കാന്‍ ആളുണ്ടാകാതിരുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ട്. എന്നാല്‍ ഇവിടെ ബിജെപിയും കോണ്‍ഗ്രസും ജയിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
മുനിസിപ്പാലിറ്റിയില്‍ 2021 നേക്കാള്‍ വോട്ട് ശതമാനത്തില്‍ വര്‍ധനയുണ്ടാകുമെന്നും സുരേഷ് ബാബു പറഞ്ഞു. എന്നാല്‍ ബിജെപിയുടെ വോട്ട് തകരും. പിരായിരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ലീഡ് ഇടിയും. പിരായിരി പഞ്ചായത്തിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ട്. മാത്തൂരും കണ്ണാടിയും എല്‍ഡിഎഫ് ഭൂരിപക്ഷം തിരിച്ച് പിടിക്കും. മൂത്താന്‍ തറയിലെ ബൂത്തുകളില്‍ ആര്‍എസ്എസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതില്‍ അവര്‍ക്ക് വലിയ നിരാശയുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
Content Highlights- cpim district secretary e n suresh babu reaction after palakkad polling