'രാജി ആവശ്യപ്പെട്ട് പരാതി കിട്ടിയാല്‍ പരിശോധിക്കും'; സജി ചെറിയാനെതിരെ ഗവര്‍ണ്ണര്‍

ഉത്തരവിനെ പറ്റി താന്‍ വിശദമായി പഠിച്ചിട്ടില്ലെന്ന് ഗവര്‍ണ്ണര്‍

dot image

കൊച്ചി: ഭരണഘടനാ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്‍ രാജിവെക്കണോ എന്നത് സര്‍ക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്നും ഉത്തരവിനെ പറ്റി താന്‍ വിശദമായി പഠിച്ചിട്ടില്ലെന്നും ഗവര്‍ണ്ണര്‍.

സജി ചെറിയാന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് പരാതി കിട്ടിയാല്‍ പരിശോധിക്കാം. ഇതുവരെ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു വിധിക്ക് ശേഷം സജി ചെറിയാന്റെ പ്രതികരണം. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

'കോടതി പരിശോധിച്ച് ആണല്ലോ പറഞ്ഞത്. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. വിധി പഠിച്ച് അപ്പീല്‍ പോകണമെങ്കില്‍ പോകും. എന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടത് ആയിരുന്നു. കേട്ടില്ല. ഒരു ധാര്‍മിക പ്രശ്നവുമില്ല. അന്വേഷണം നടത്തേണ്ടത് പൊലീസ് ആണ്. അന്വേഷണത്തോട് സഹകരിക്കും', സജി ചെറിയാന്‍ പറഞ്ഞു. അതേസമയം സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Content Highlight: Kerala governor against Saji Cherian

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us