കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഉയർന്നുവരുന്ന ചോദ്യം ഒന്ന് മാത്രമാണ്. വീണ്ടും ഒരന്വേഷണം നേരിടേണ്ടിവരുന്ന ഈ സന്ദർഭത്തിൽ സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനം രാജിവെക്കുമോ?
ഭരണഘടനയെ അവഹേളിക്കുന്ന പ്രസ്താവന വൻ വിവാദമായതിന് ശേഷം വലിയ സമ്മർദ്ദത്തിലായിരുന്നു സിപിഐഎം. സജി ചെറിയാന്റെ രാജിക്കായി പല കോണുകളിൽ നിന്നും മുറവിളി ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി അടക്കം പങ്കെടുത്ത സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം സജി ചെറിയാൻ രാജി വെക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു. നിയമ-ഭരണപരമായ കാര്യങ്ങൾ എല്ലാം പരിശോധിച്ച് മാത്രം മതി തീരുമാനം എന്നതായിരുന്നു ധാരണ. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം അടക്കം സജി ചെറിയാന് എതിരായിരുന്നു. ന്യായീകരിക്കാൻ കഴിയാത്ത പിഴവാണ് സജി ചെറിയാന്റെത് എന്ന് അന്നത്തെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് സജി ചെറിയാന് രാജിവെക്കേണ്ടിവന്നത്. സംഘപരിവാർ ഭരണഘടനയെ ദുർബലപ്പെടുത്തുന്നുവെന്ന വാദം സിപിഐഎം ഉയർത്തിക്കൊണ്ടുവരവേ, ഇത്തരത്തിലുള്ള ഒരു പരാമർശം തിരിച്ചടിയാകും എന്നതായിരുന്നു സിപിഐഎം നിലപാട്.
എന്നാൽ പ്രസംഗത്തിൽ ഭരണഘടനയെ മനഃപൂർവം അപമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എംഎൽഎ സ്ഥാനത്തിന്റെ അർഹത സംബന്ധിച്ച ഹർജികളും ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്ന്, വീണ്ടും സാംസ്കാരിക വകുപ്പ് മന്ത്രിയാകുകയും ചെയ്തു. എന്നാൽ ഇപ്പോളിതാ വിവാദപ്രസംഗത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.
വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിന്റെ വിവാദ ഭാഗം.
Content Highlights: Saji cherians resignation and his comeback two years back