കൊച്ചി: വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്താതിരുന്നത് ചെറിയ നിരാശ ഉണ്ടാക്കിയെങ്കിലും പാലക്കാട് എല്‍ഡിഎഫിന് ആശ്വാസമെന്ന് ഇടതുസ്ഥാനാര്‍ത്ഥി പി സരിന്‍. ഒരു ലക്ഷത്തിഅമ്പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുമെന്ന് കരുതിയിരുന്നു. വോട്ടര്‍മാര്‍ കൂട്ടത്തോടെ വന്ന് വോട്ടു ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. അത് സംഭവിക്കാത്തതില്‍ ചെറിയ നിരാശയുണ്ട്. എന്നാല്‍ വോട്ട് ചെയ്യാത്തവരുടെ പട്ടികയെടുക്കുമ്പോള്‍ ആശ്വാസമാണെന്നും സരിന്‍ പറഞ്ഞു.
യുഡിഎഫിനോ ബിജെപിക്കോ അനുകൂലമാകേണ്ട വോട്ടുകളാണ് പോള്‍ ചെയ്യപ്പെടാത്തത്. ഏഴായിരം വോട്ട് കുറഞ്ഞുവെന്നത് എല്‍ഡിഎഫിനെ ബാധിക്കുന്നതല്ലെന്നാണ് സരിന്റെ പ്രതികരണം. റിപ്പോര്‍ട്ടര്‍ കോഫി വിത്ത് അരുണിലായിരുന്നു പ്രതികരണം.
പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സരിന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പാലക്കാട് തകര്‍ന്നുതരിപ്പണം ആയി എന്നതിന്റെ നേര്‍ ചിത്രമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകും. 60,000 ത്തില്‍ കുറയാത്ത വോട്ട് തനിക്ക് ലഭിക്കും എന്നും സരിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫ് ബഹുദൂരം പിന്നിലായി. നേതൃത്വം കാണിച്ച വഞ്ചനയില്‍ പ്രവര്‍ത്തകര്‍ കൊടുത്ത ശിക്ഷയായിരിക്കും ഫലം. കെട്ട മൂന്നാം സ്ഥാനമായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക. വി ഡി സതീശനും ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനും ലഭിക്കുന്ന തിരിച്ചടി കോണ്‍ഗ്രസിന്റെ നല്ലതിനായിരിക്കും. അങ്ങനെയൊരു ശുദ്ധികലശത്തിലേക്ക് ഫലം നയിക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് ഗുണമാകും.
സരിന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സരിന്‍ കടന്നാക്രമിച്ചു. തൃക്കാക്കരയും പുതുപ്പള്ളിയും പോലെ പാലക്കാടും എത്തി വിലസാമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആഗ്രഹം. സന്ദീപ് വാര്യരെ പാളയത്തിലെത്തിച്ചാല്‍ വോട്ട് കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. പറവൂരിനപ്പുറം രാഷ്ട്രീയമേല്‍വിലാസം ഇല്ലാത്തയാളായി വി ഡി സതീശന്‍ മാറും. 24-ാം തീയതി അദ്ദേഹവുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടുകയാണ്. സരിനും സൗമ്യയും വ്യാജ വോട്ടര്‍മാരാണെന്ന് വി ഡി സതീശന്‍ ആരോപിച്ചത്. എങ്കില്‍ വെല്ലുവിളിയായി ഏറ്റെടുത്ത് അത് തെളിയിക്കാമായിരുന്നില്ലേയെന്നും സരിന്‍ ചോദിച്ചു. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ ഇനി രണ്ട് നാള്‍ മാത്രമെ പദവിയില്‍ തുടരൂ എന്നും സരിന്‍ പറഞ്ഞു.
Content Highlight: UDF Trash to Third position in Palakkad Constituency Said LDF Candidate P Sarin