സജി ചെറിയാന്‍ മന്ത്രിയായി തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും, രാജിവെക്കണം: വി ഡി സതീശന്‍

മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ സജിചെറിയാന്‍

dot image

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തേക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

'അന്നത്തെ പൊലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധി. അടിയന്തരമായി സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണം. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇനിയും അന്വേഷണം പ്രഹസനമായി മാറും. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണം', ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.

'ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ പാരഗ്രാഫ് അങ്ങനെതന്നെ പരിഭാഷപ്പെടുത്തിയാണ് സജി ചെറിയാന്‍ ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയത്. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു. പ്രതിപക്ഷത്തിന്റെ നിലപാടിന് കിട്ടിയ അംഗീകാരം കൂടിയാണ് ഹൈക്കോടതി വിധി.'

വി ഡി സതീശന്‍

അതേസമയം മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് സജിചെറിയാന്‍. കോടതി തന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകും. ഹൈക്കോടതിയുടേത് അന്തിമവിധി അല്ലല്ലോയെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജിചെറിയാന്റെ പ്രസ്താവനയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.
Content Highlights: V D Satheesan Seeks Saji Cheriyan Resignation over High court order

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us