ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിര്‍ത്തിയ സാംസ്‌കാരിക നായകന്‍; ഓംചേരിക്ക് അനുശോചനവുമായി മുഖ്യമന്ത്രി

'ദേശീയതലത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്'

dot image

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. കേരളത്തില്‍ നിന്ന് അതിദീര്‍ഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിര്‍ത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരിയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

ദേശീയതലത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്. കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയില്‍ സ്ഥാനമുള്ള വ്യക്തിയായിരുന്നു ഓംചേരി. നമ്മുടെ നാടക ഭാവുകത്വതത്തെ നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ചരിത്രപരമായ പങ്കാണു വഹിച്ചത്. മാസ് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ ഇംഗ്ലണ്ടില്‍ പോയി പഠിച്ച് ഉന്നത ബിരുദം നേടി ഇന്ത്യയില്‍ തിരിച്ചുവന്ന വ്യക്തിയായിരുന്നു. നൂറാം വയസ്സിലും ഉണര്‍ന്നിരിക്കുന്ന ധിഷണയോടെ മാസ് കമ്യൂണിക്കേഷന്‍ രംഗത്തെ ആഗോളചലനങ്ങള്‍ മനസ്സില്‍ ഒപ്പിയെടുക്കുകയും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്തുവന്നിരുന്നു അദ്ദേഹം. ബഹുമുഖ വ്യക്തിത്വം എന്ന വിശേഷണം ഇതുപോലെ ചേരുന്ന മറ്റ് അനവധി വ്യക്തിത്വങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളുടെ ഡല്‍ഹിയിലെ അംബാസഡറായിരുന്നു ഓംചേരി. കേരളത്തിന്റെ ഏതു നല്ല കാര്യത്തിനും അദ്ദേഹം കൂടെയുണ്ടായിരുന്നു. മലയാളം മിഷന്റെ കാര്യത്തിലായാലും ലോക കേരളസഭയുടെ കാര്യത്തിലായാലും, പുതിയതും വിലപ്പെട്ടതുമായ ആശയങ്ങള്‍ പകര്‍ന്നുതന്നുകൊണ്ട് അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഓംചേരിയുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: Chief Minister Pinarayi Vijayan condoles Omchery N N Pillai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us