കൊച്ചി: സര്‍ക്കാര്‍ പിന്തുണയില്ലാത്തിതാനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും നടി പറഞ്ഞു. തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു.
'പോക്‌സോ കേസ് വന്ന് രണ്ട് മാസം ആയി മേല്‍ നടപടികള്‍ ആയിട്ടില്ല. പോക്‌സോ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി. കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണ നല്‍കിയില്ല. സര്‍ക്കാര്‍ സഹായം ആകുമെന്ന് പ്രതീക്ഷ ഇല്ല. അതുകൊണ്ടാണ് എല്ലാ കേസും പിന്‍വലിക്കുന്നത്', പരാതിക്കാരി പറഞ്ഞു.
മൂന്ന് ദിവസത്തിനകം മറുപടി കിട്ടിയില്ലെങ്കില്‍ പരാതി പിന്‍വലിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും പരാതിക്കാരി പറയുന്നു. പോക്‌സോ കേസ് നല്‍കിയ പെണ്‍കുട്ടിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നടി മുകേഷിനെതിരെ പരാതിയുമായി നടി രംഗത്തുവന്നത്. മുകേഷിന് പുറമെ മണിയന്‍പിള്ള രാജു, ജയസൂര്യ എന്നിവര്‍ക്കെതിരെയും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മുകേഷിന്റെ രാജിയ്ക്കായുള്ള പ്രതിഷേധം പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
Content Highlights: complainant responds in withdrawal of Mukesh Case