ആലപ്പുഴ: പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. ലീഗൽ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിങ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയതാണ് രാജീവും സഹപ്രവർത്തകരും. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു സംഭവം. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു അപകടം.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥയുടെ കാലിൽ സാരമായ പരുക്കുണ്ടെന്നാണ് വിവരം. 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്. സെക്രട്ടേറിയറ്റിൽ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവർത്തകർ പ്രശ്നം ഉന്നയിച്ചിരുന്നു. ഒരു മാസം മുൻപ് മറ്റൊരു ഉദ്യോഗസ്ഥൻ്റെ തലയിൽ സ്ലാബ് വീണിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു ശുചിമുറിയിലെ അപകടം.
സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത് അത്യന്തം ശോചനീയാവസ്ഥയിലാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. യാതൊരു സുരക്ഷയും ഇല്ലാതെ തുറന്നു പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും അവിടെയെത്തുന്ന ആളുകളുടെയും ജീവിതം കൂടി അപകടാവസ്ഥയിലാണ്. ഇത് സംബന്ധിച്ച് റിപ്പോർട്ടർ ടി വി സംഘടിപ്പിച്ച ലൈവത്തോണിൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.
Content Highlights: concrete ceiling of the washroom of Alappuzha PWD Rust House has collapsed