എല്ലാം ഇടിഞ്ഞ് വീഴുമോ? ജീവന് വിലയില്ലേ? സർക്കാർ ഓഫീസുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ടർ

കഴിഞ്ഞ ദിവസം ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണം.

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ പല സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് അത്യന്തം ശോചനീയാവസ്ഥയില്‍. യാതൊരു സുരക്ഷയും ഇല്ലാതെ തുറന്നു പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും അവിടെയെത്തുന്ന ആളുകളുടെയും ജീവിതം കൂടി അപകടാവസ്ഥയിലാണ്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച ലൈവത്തോണില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണം.

ഇതേ സെക്രട്ടറിയേറ്റില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു അപകടം കൂടി നടന്നിരുന്നു. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലീങ് തകര്‍ന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്കേല്‍ക്കുകയായിരുന്നു. അജി ഫിലിപ്പിന്റെ തലയില്‍ ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.

രണ്ട് മാസത്തിനിടെ രണ്ട് അപകടമാണ് സെക്രട്ടറിയേററില്‍ നടന്നത്. അപകടങ്ങൾ തുടർക്കഥയെന്നും ആവശ്യത്തിന് അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നും ആണ് ജീവനക്കാർ പറയുന്നത്. അനക്സിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് പരിക്കേറ്റതിൽ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധവുമുണ്ട്.

ഇത് സെക്രട്ടറിയേറ്റിന്റെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് അത്യന്തം ശോചനീയാവസ്ഥയിലാണ്. എന്താണ് ജീവനക്കാര്‍ക്കുള്ള സുരക്ഷയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമുണ്ടോ? സര്‍ക്കാര്‍ ഓഫീസുകളുടെ മാത്രം അവസ്ഥയല്ല ഇത്. ചില കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലും വളരെ മോശം അവസ്ഥയിലാണ്. മെസിയെ കാത്തിരിക്കുന്ന കേരളത്തിലെ ചില സ്റ്റേഡിയങ്ങളിലാകട്ടെ പന്ത് തട്ടാന്‍ പോലും ആവതില്ലെന്ന് വേണം പറയാന്‍.

ദിനം പ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രിയുടേയും സ്ഥിതി മറിച്ചല്ല. കാലപ്പഴക്കമുള്ള ഈ കെട്ടിടത്തിൻ്റെ ഭിത്തികൾ വിള്ളൽ വീണ് ജീർണ്ണാവസ്ഥയിലാണ്. പതിവായി മേൽക്കൂരയിൽനിന്നു കോൺക്രീറ്റ് ഇളകിവീഴുമെന്നും അവിടെയെത്തുന്നവര്‍ പറയുന്നു.

സാധാരണക്കാർ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലങ്ങളിലൊന്നാണ് താലൂക്ക് ഓഫീസുകൾ. വയനാട്ടിലെ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് ഒന്നു പോയാൽ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് നമുക്ക് കാണാന്‍ കഴിയുക. സ്ത്രീകളടക്കം ദുരിതം പേറി ഇവിടെ ജോലി ചെയ്യുന്നത് 14 പേരാണ് എന്നത് കാര്യത്തിന്‍റെ ഗൗരവം കൂട്ടുന്നതാണ്. സപ്ലൈ ഓഫീസിലെ ശൗചാലയത്തിന് മേൽക്കൂരയുമില്ല. കാണണം ഈ ദുരിതം.

സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന താലൂക്ക് ഓഫീസുകളിൽ ഒന്നാണ് തിരുവനന്തപുരം താലൂക്ക് ഓഫീസ്. പുരാവസ്തു വിഭാഗത്തിൽ പെടുന്ന കെട്ടിടം ആയതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ സാധിക്കുന്നില്ല. ചുവരുകൾ ഏത് നിമിഷവും ഇടിഞ്ഞു വീഴുമെന്ന് നിലയിലാണ്. മഴപെയ്താൽ ചോർച്ച, മരപ്പട്ടി ശല്യവും തുടങ്ങും. ആകെയുള്ള നൂറിലേറെ ജീവനക്കാർക്കും ദിവസേന എത്തുന്ന 500 ലേറെ പൊതുജനങ്ങൾക്കും പേടിസ്വപ്നം ആവുകയാണ് തിരുവനന്തപുരം താലൂക്ക് ഓഫീസ്.

കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയിൽ യാത്രക്കാരും ജീവനക്കാരും തങ്ങുന്നത് ജീവൻ പണയം വെച്ച്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രധാന പ്രശ്നം. നാലര പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൻറ മിക്ക തൂണുകളുടെയും മേൽക്കൂരകളുടെയും കോൺക്രീറ്റുകൾ പൊളിഞ്ഞ അവസ്ഥയാണ്. ഏത് സമയവും ഇവയെല്ലാം നിലം പൊത്താം. നിരവധി യാത്രക്കാരാണ് ഇവിടെ ദിവസേന വന്നുപോകുന്നത്.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റേയും അവസ്ഥ ദയനീയമാണ്. ചെറിയൊരു മഴപെയ്താൽ ബസ് സ്റ്റാൻഡ് വെള്ളത്തിലാകും. പിന്നെ മലിനജലത്തിലായിരിക്കും യാത്രക്കാർ നിൽക്കുക. പഴകിയ ഇരിപ്പിടങ്ങളും ഉപയോഗശൂന്യമാണ്. വൃത്തിയുള്ള ശുചിമുറികളും ഇവിടെ ഇല്ല.

കോഴിക്കോട്ടെ പൊലീസ് ക്വർട്ടേഴ്സുകളുടെ നിലയും പരിതാപകരമാണ്. കോഴിക്കോട് ടൗൺ കോട്ടേഴ്സ് കാലപ്പഴക്കം കൊണ്ട് നശിക്കുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല. പലരും പണം നൽകിയാണ് കുടിവെള്ളം പോലും വാങ്ങുന്നത്. പാവമണി കോട്ടേഴ്സിന്റെ നിലയും പരിതാപകരമാണ്. ആധുനിക കാലത്തിനനുസൃതമല്ല ക്വർട്ടേഴ്സുകൾ എന്നാണ് ആക്ഷേപം.

Content Highlights: Government offices In kerala are functioning in a deplorable condition Reporter Tv Livathon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us