കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ഗ്രാമം ഒരേ സമയം ഭീതിയിലും സങ്കടത്തിലുമാണ്. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ ഭർത്താവ് കൊലപ്പെടുത്തിയത് ഇന്നലെ വൈകുന്നേരമായിരുന്നു. വിവാഹമോചന നീക്കത്തിന് പിന്നാലെയാണ് കൊടുംക്രൂരത അരങ്ങേറിയത്.
ഏറെനാളായി അകന്നുകഴിയുകയായിരുന്നു ദിവ്യശ്രീയും ഭർത്താവ് രാജേഷും. ഏഴാം ക്‌ളാസിൽ പഠിക്കുന്ന മകനും ദിവ്യശ്രീയ്‌ക്കൊപ്പമാണ്. മാസങ്ങൾക്ക് മുൻപ് ദിവ്യശ്രീയുടെ അമ്മ മരിച്ചപ്പോൾ രാജേഷ് വീട്ടിൽ വന്ന് ബഹളമുണ്ടാക്കിയിരുന്നു. എല്ലാം മനഃപ്പൂർവമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എങ്ങനെയെങ്കിലും കുടുംബം പോറ്റാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ദിവ്യശ്രീ. അങ്ങനെയാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ താത്കാലികമെങ്കിലും, ഒരു ചുമതല ലഭിച്ചത്.
ഇന്നലെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദിവ്യശ്രീ താമസികുന്ന വീട്ടിലെത്തിയ രാജേഷ് പതിവുപോലെ ബഹളം വെക്കുകയും, ദിവ്യശ്രീയെ തുടർച്ചയായി വെട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പിതാവിനും വെട്ടേറ്റു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രാജേഷ് രക്ഷപ്പെട്ടിരുന്നു. സംഭവം അറിഞ്ഞതോടെ പ്രദേശവാസികളും ആകെ ഞെട്ടലിലാണ്. രാജേഷ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.
ദിവ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. നിലവില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ് പ്രതി രാജേഷ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.
Content Highlights: Karivellur village in sadness over policewomens murder