തിരുവനന്തപുരം: മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. നിയമവശങ്ങൾ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്നങ്ങൾ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാൻ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം പരിശോധിക്കപ്പെടണം. നിലവിൽ അവിടെ താമസിക്കുന്നവരെ സർക്കാർ സംരക്ഷിക്കും. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കും. ഇവിടെ കുടിയേറ്റക്കാരുമുണ്ടെന്നും അവരെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്ന് ഫാറൂഖ് കോളേജും അതിന്റെ സംവിധാനങ്ങളും. ഇത്രയും വലിയ ചതിക്ക് കാരണവും അവരാണ്. നിലവിൽ അവിടുത്തെ ജനങ്ങൾ വലിയ ചതിയിൽപ്പെട്ടിരിക്കുകയാണ്. നിയമവശങ്ങൾ പരിശോധിച്ച് അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.
വഖഫ് ഭൂമി അന്യാധീനപ്പെടാൻ കാരണം ഫാറൂഖ് കോളേജെന്ന ആരോപണവുമായി വഖഫ് സംരക്ഷണ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. മുനമ്പം ഭൂമി നിയമവിരുദ്ധമായി വിൽപ്പന നടത്തിയത് ഫറൂഖ് കോളേജാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഇതിന് ഒത്താശ ചെയ്യുകയാണെന്നും സമിതി ആരോപിച്ചിരുന്നു.
മുനമ്പം പ്രശ്‌നം തുടങ്ങിയതും സങ്കീർണമാക്കിയതും ഇടതു സർക്കാരാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനെതിരെ നേരത്തെ മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തിയിരുന്നു. മുനമ്പം വിഷയം വർഷങ്ങളായി സങ്കീർണമായ നിയമ പ്രശ്‌നങ്ങളുള്ള കേസാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു.
റഷീദലി തങ്ങൾ വഖഫ് ചെയർമാനായ കാലത്ത് യോഗം വിളിക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഈ വിഷയത്തിൽ മുസ്‌ലിം ലീഗിന് പൂർണമായ ഉത്തരവാദിത്തമുണ്ട് .അത് മറ്റാരുടെയും മേലിൽ ചാരാൻ ആവില്ലെന്നും വി അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു.
മുനമ്പത്ത് മുമ്പ് നികുതി വാങ്ങാൻ തീരുമാനം എടുത്തപ്പോൾ അന്ന് വഖഫ് ബോർഡ് അംഗങ്ങളായിരുന്ന എം സി മായിൻ ഹാജിയും അഡ്വക്കറ്റ് സൈനുദ്ദീനുമാണ് പ്രതിഷേധക്കുറിപ്പ് ഇറക്കിയതെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലും പ്രതികരിക്കാൻ പരിമിതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Minister V Abdurrahiman said that the government will protect the people of Munambam