മുനമ്പം വിഷയം: സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു; ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം

'ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമായി'

dot image

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പ് വ്യക്തമാക്കി പ്രതിപക്ഷം. പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മുസ്‌ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നു. ഇപ്പോള്‍ ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയില്ല. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിഷേധിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം, ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കി. നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും നിർദേശമുണ്ട് മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ വ്യക്തമാക്കി. അത് വരെ താമസക്കാർക്ക് വഖഫ് നോട്ടീസുകൾ അയക്കരുതെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ പന്തംകൊളുത്തി പ്രതിഷേധവുമായി സമരക്കാര്‍ രംഗത്തെത്തിയിരുന്നു. വിഷയം പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകിയ വേളയില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ആവശ്യമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നും സമരക്കാര്‍ പറഞ്ഞു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും എന്ത് ജീവിതമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും സമരക്കാര്‍ ചോദിക്കുന്നു. കിടക്കാന്‍ മണ്ണില്ല. ഒരു തുണ്ട് മണ്ണിന് വേണ്ടിയാണ് തങ്ങളുടെ സമരമെന്നും സമരക്കാര്‍ പറയുന്നു. മൂന്ന് വര്‍ഷമായി സമരമുഖത്തുണ്ട്. ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകണമെന്നും സമരക്കാര്‍ പറയുന്നു.

Content Highlight: Opposition against appointment of Judicial commission in Munambam land issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us