മണ്ണാര്‍ക്കാട്: തനിക്കെതിരായ പാര്‍ട്ടി നടപടികളിലും പ്രചാരണങ്ങള്‍ക്കുമെതിരെ ഒളിയമ്പുമായി കെടിഡിസി ചെയര്‍മാന്‍ പി കെ ശശി. താനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വരുന്നതുവരട്ടെയെന്ന മട്ടിലാണെന്നും പി കെ ശശി പ്രതികരിച്ചു. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനിടെയായിരുന്നു പ്രതികരണം.
ഇന്നത്തെപ്പോലെയുള്ള അസുരകാലത്ത് ഒരാളെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്നാണുള്ളത്. പണം വാങ്ങിയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയും ചില ആളുകളെ ബലൂണ്‍ പോലെ വീര്‍പ്പിച്ചാല്‍ അതൊന്നും അധികകാലം നിലനില്‍ക്കില്ലെന്നും പി കെ ശശി പറഞ്ഞു.
കടുത്ത ആക്രമണങ്ങള്‍ക്കും വേട്ടയാടലിനും വിധേയമായ ആളാണ് കെ ടി ജലീല്‍. എന്നിട്ട് അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ?. അതുപോലെ താനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വരുന്നത് വരട്ടെയെന്ന മട്ടിലാണെന്നുമാണ് പി കെ ശശി പറഞ്ഞത്.
പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടതോടെ പി കെ ശശിക്ക് നിലവില്‍ പ്രാഥമികാംഗത്വം മാത്രമാണുളളത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്നും മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: P K Sasi indirectly criticize party