'ഒരു നാട് മുഴുവൻ ഒലിച്ചു പോയെന്ന പ്രചാരണം തെറ്റ്'; മന്ത്രിമാരുടെ വിവരക്കേട് വിശ്വസിക്കരുതെന്ന് വി മുരളീധരൻ

മൂന്ന് വാര്‍ഡുകളെ മാത്രമാണ് ദുരന്തം ബാധിച്ചത് എന്ന തന്റെ വാചകത്തില്‍ ഉറച്ച് മുരളീധരന്‍

dot image

ന്യൂഡല്‍ഹി: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് ബിജെപി നേതാവ് വി മുരളീധരന്‍. മൂന്ന് വാര്‍ഡുകളെ മാത്രമാണ് ദുരന്തം ബാധിച്ചത് എന്ന തന്റെ വാചകത്തില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന്‍ ആവര്‍ത്തിച്ചതെന്നും അവര്‍ ഇടുമ്പോള്‍ ബര്‍മൂഡയും നമ്മള്‍ ഇടുമ്പോള്‍ വള്ളിട്രൗസറും ആകുന്നത് എങ്ങനെയെന്നും അദ്ദേഹം പരിഹസിച്ചു.

V Muraleedaran
വി മുരളീധരന്‍

ദുരന്തത്തില്‍ എല്‍ഡിഎഫ് ജനങ്ങളെ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ കേന്ദ്രത്തിന് കണക്ക് നല്‍കാന്‍ വൈകിയെന്നും മുരളീധരന്‍ പറഞ്ഞു. 'സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വിശദമായ കണക്ക് സമര്‍പ്പിച്ചത് നവംബര്‍ 13നാണ്. കണക്ക് വൈകിയത് എന്ത് കൊണ്ടാണ്? പ്രിയങ്ക ഗാന്ധിക്ക് ജയം ഉറപ്പാക്കാനാണോ എല്‍ഡിഎഫ് ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചത് മറച്ചുവെച്ചു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം', അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കൈവശം ഉള്ള പണം ചിലവഴിക്കാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര ഫണ്ട് കിട്ടാതെ സ്വന്തം പണം ചിലവാക്കില്ല എന്ന വാശി പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സഹായം നല്‍കുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. മന്ത്രിമാര്‍ പറയുന്ന വിവരക്കേട് വിശ്വസിക്കരുതെന്നും കൃത്യമായ മാനദണ്ഡം പാലിച്ചേ ഫണ്ട് നല്‍കാനാവൂ എന്നും മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് വൈകിയത് സംസ്ഥാന സര്‍ക്കാരിന് ദുരന്ത ബാധിതരോട് താല്പര്യം ഇല്ലാത്തതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുനമ്പം വഖഫ് നഷ്ടപരിഹാര നീക്കത്തിനെതിരെയും മുരളീധരന്‍ പ്രതികരിച്ചു. ഒരു മതത്തിന് വേണ്ടി നികുതി ദായകരുടെ പണം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ പരാമര്‍ശത്തില്‍ തിരിച്ചടി നേരിട്ട മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. നേരത്തെ എന്തിനായിരുന്നു രാജി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇല്ലാതായപ്പോള്‍ സിപിഐഎം നയം മാറിയോയെന്നും യെച്ചൂരിക്ക് മാത്രമേ ധാര്‍മികത ഉള്ളൂ എന്നാണോയെന്നും വി മുരളീധരന്‍ ചോദിച്ചു.

Content Highlights: V Muraleedharan about Chooralmala Mundakkai Landslide

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us