പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വമ്പൻ വിജയത്തിന് പിന്നാലെ ട്രോളി ബാഗ് പാഴ്സൽ അയച്ച് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മധുര പ്രതികാരം. പാലക്കാട്ടെ സിപിഐഎമ്മിനാണ് ഇത്തരത്തിൽ ട്രോളി ബാഗ് പാഴ്സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടയിൽ നടന്ന പാതിരാ ഹോട്ടൽ റെയ്ഡിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തിന് മറുപടിയായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രോളി ബാഗ് അയച്ചു കൊടുത്തത്. രാഹുൽ മാങ്കൂട്ടത്തിനെതിരായി സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടികാട്ടി യുഡിഎഫ് മുൻപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ഉണ്ടായ മികച്ച ഭൂരിപക്ഷം ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവാദത്തിൽ മധുര പ്രതികാരം നടത്തുകയായിരുന്നു.
സിപിഐഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി ഡ്രൈവര്‍ക്ക് ബാഗ് കൈമാറിയത്.
content highlight- A special parcel for CPIM; Youth Congress took sweet revenge by sending 'Neela Trolley Bag' parcel