'പാർട്ടിയെ പരിഹാസ്യമാക്കിയ അധ്യക്ഷൻ'; സുരേന്ദ്രനെതിരെ ബിജെപിക്കാരുടെ തന്നെ പൊങ്കാല

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് തൊട്ടുപിന്നാലെ തന്നെ സുരേന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി

dot image

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം. ബിജെപിയില്‍ നിന്നുതന്നെയാണ് സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നത്. ഉപതിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സുരേന്ദ്രന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍ ശിവരാജന്‍, ബി ഗോപാലകൃഷ്ണന്‍, ബിജെപി അനുഭാവിയായ ശ്രീജിത്ത് പണിക്കര്‍, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ എന്നിവരില്‍ നിന്നെല്ലാം സുരേന്ദ്രന് ട്രോളോട് ട്രോള്‍.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപ് വാചസ്പതിയുടെ വിമര്‍ശനം. പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങള്‍ എന്ന് സന്ദീപ് പറഞ്ഞു. പാലക്കാട് ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്നും സന്ദീപ് പറഞ്ഞു.

ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണം എന്നായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞത്. ബിജെപിക്ക് ഇത്ര തോല്‍വി പ്രതീക്ഷിച്ചില്ല. തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്നും സംഘടന കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പില്‍ സംഘടനാ വീഴ്ചയുണ്ടോ എന്ന് സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് തൊട്ടുപിന്നാലെ തന്നെ സുരേന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രവചിച്ച് രണ്ട് ദിവസം മുന്‍പ് സുരേന്ദ്രന്‍ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം 'രണ്ട് പ്രവചനങ്ങളും ഫലിച്ചു, രാഷ്ട്രീയ ചാണക്യന്‍' എന്ന തലക്കെട്ടോടെ സുരേന്ദ്രനുള്ള ശ്രീജിത്ത് പണിക്കരുടെ ആദ്യ ഡോസ്. തൊട്ടുപിന്നാലെ ശ്രീജിത്ത് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ- 'തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര്‍ പ്രദീപിനും കെ സുരേന്ദ്രനും അഭിനന്ദനങ്ങള്‍. അവിടെ കൊണ്ടും തീര്‍ന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പോസ്റ്റും ശ്രീജിത്ത് പങ്കുവെച്ചു. അതിങ്ങനെ- 'രാഷ്ട്രീയ ബോധം വട്ടപ്പൂജ്യം. വിമര്‍ശിക്കുന്നവരെ കോണ്‍ഗ്രസ് ആക്കല്‍. വായ തുറന്നാല്‍ വരുന്നതെല്ലാം അബദ്ധം. ചുറ്റുമുള്ള ഭജനസംഘത്തോട് മാത്രം താല്‍പര്യം. മറ്റുള്ളവരോട് പരമപുച്ഛം. പാര്‍ട്ടിയിലെ കൊള്ളാവുന്നവരെ ഒതുക്കല്‍. ധാര്‍ഷ്ട്യത്തിന്റെ പരകോടി. ആകെയുള്ള ജോലി പത്രസമ്മേളനം. ജയസാധ്യത നോക്കാതെ പെട്ടിതാങ്ങിക്ക് വേണ്ടി ചോദിച്ചു വാങ്ങിയ പരാജയം. പാര്‍ട്ടിയെ ഇത്രത്തോളം പരിഹാസ്യമാക്കിയ അധ്യക്ഷന്‍ വേറെയുണ്ടാവില്ല. അഭിനന്ദനങ്ങള്‍'. ശ്രീജിത്തിന്റെ ട്രോള്‍ പോസ്റ്റുകള്‍ക്ക് താഴെ സുരേന്ദ്രനെ കമന്റിലൂടെ ട്രോളുന്നവരും നിരവധിയാണ്.

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം അനിവാര്യമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചില കമന്റുകള്‍ ചുവടെ

'സുരേന്ദ്രന്‍ അധ്യക്ഷന്‍ സ്ഥാനം രാജിവെച്ച് പോയെങ്കില്‍ മാത്രമേ കേരള ബിജെപിക്ക് രക്ഷയുള്ളൂ'

'രാഹുല്‍ മാങ്കൂട്ടത്തിലിന് നല്ല വിജയം സമ്മാനിക്കാന്‍ പാര്‍ട്ടിക്കകത്ത് നല്ല രീതിയില്‍ പണിയെടുത്ത കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു'.

'കെജെപിക്ക് അടിമ വോട്ട് മാത്രം കിട്ടി, ജയിക്കണമെങ്കില്‍ ഉള്ളിയും കൂടെ കരയുന്നവരും നേതൃസ്ഥാനത്ത് നിന്ന് മാറിയേ തീരൂ'

'100 ശതമാനം സത്യം. സുരേന്ദ്രന്‍ ഉള്ളിടത്തോളം ബിജെപി കേരളത്തില്‍ ക്ലച്ചു പിടിക്കില്ല'.

'ഇനിയും അധ്യക്ഷനായി തിരഞ്ഞെടുക്കും. ഒരിക്കലെങ്കിലും ജയിക്കാന്‍ പറ്റാത്തവനെ എന്തിന് പാര്‍ട്ടി അധ്യക്ഷനാക്കി. ഒരു വാര്‍ഡ് ഇലക്ഷന് സുര നിന്ന് ജയിച്ച് കാണിക്കാന്‍ ആദ്യം പറ'.

'ഈ അധ്യക്ഷന്‍ ആണ് കേരളത്തില്‍ ഈ പാര്‍ട്ടിയുടെ ശാപം. താഴെത്തട്ടില്‍ നന്നായി പണിയെടുക്കുന്ന നേതാക്കളെ ഒതുക്കല്‍ മാത്രമാണ് ഈ അധ്യക്ഷ സ്ഥാനം. എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍. മാറ്റം അനിവാര്യമാണ്.

ബിജെപി തഴഞ്ഞ് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരും സുരേന്ദ്രനെ വെറുതെവിട്ടില്ല. സുരേന്ദ്രന്‍ ബഹിരാകാശത്തെ പ്രസിഡന്റ് എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരേന്ദ്രന്‍ നേരിട്ട് നേതൃത്വം നല്‍കിയപ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. സുരേന്ദ്രന്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ശരിയായി നടന്നിട്ടുണ്ടോ എന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. തോല്‍ക്കുന്നതിന്റെ അവസാന നിമിഷം വരെ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നേതാവാണ് സുരേന്ദ്രന്‍. ഏത് തിരഞ്ഞെടുപ്പ് നടന്നാലും അങ്ങനെയാണ്. സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു തിരഞ്ഞെടുപ്പും ഇന്നേവരെ ജയിച്ച ചരിത്രമില്ലെന്നും സന്ദീപ് പറഞ്ഞു. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കില്‍ ചെകുത്താന്‍ കയറിയ വീട് എന്ന് പാടാം എന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്തിന്റെ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യര്‍ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.

Content Highlights- bjp leaders slam k surendran after by election result out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us