ചേലക്കര: ഡിഎംകെയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് ലഭിച്ചില്ലെന്ന് സ്ഥാനാർത്ഥി എൻ കെ സുധീർ റിപ്പോർട്ടറിനോട്. ഇനി അധികം വോട്ട് നേടാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും കൂടുതൽ വോട്ട് പാർട്ടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ചേലക്കരയിലെ ജനവിധി മാനിക്കുന്നു. എൽഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. യു ആർ പ്രദീപിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ചേലക്കരയിലെ ജനവിധിയിൽ പാഠം പഠിക്കേണ്ടത് കോൺഗ്രസാണ്. വയനാട്ടിലും പാലക്കാടും കണ്ടത് സർക്കാരിനെതിരായ ജനവിധിയാണെന്നും എൻ കെ സുധീർ പ്രതികരിച്ചു. ഡിഎംകെ ഒരു മാസം പോലും തികയാത്ത ഒരു പാർട്ടിയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയിൽ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അൻവറിന്റെ പാർട്ടിയുടെ ഭാഗമായി മത്സരിക്കാൻ എൻ കെ സുധീർ തീരുമാനിച്ചത്.
അതേസമയം, ചേലക്കര മണ്ഡലത്തില്‍ വലിയ ലീഡില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള പഞ്ചായത്തുകളുടെ ഫലം കൂടി വന്നാല്‍ ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം വട്ടവും ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണം സംസ്ഥാനത്ത് വരും എന്നതിന്റെ സൂചനയാണ് ചേലക്കരയില്‍ കാണുന്നതെന്നുമായിരുന്നു കെ രാധാകൃഷ്ണന്‍ എംപിയുടെ പ്രതികരണം. ചേലക്കരയില്‍ യുഡിഎഫ് എല്ലാ കള്ളപ്രചാര വേലകളും ഇറക്കിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങള്‍ ഇടതുപക്ഷത്തിന് വേണ്ടി അണിനിരന്നു. ഭരണവിരുദ്ധത ഇല്ലെന്നാണ് കാണുന്നത്. ഭരണവിരുദ്ധത പറഞ്ഞുണ്ടാക്കുന്നതാണ്. നിലവിലെ ലീഡ് കാണുമ്പോള്‍ പതിനായിരത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlights: Candidate NK Sudheer said DMK did not get votes as expected