കാസർകോട്: ആംബുലൻസിന് വഴി നൽകാതെ അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിൻ്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്കാണ് യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിൻ്റെ അഞ്ചുദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണം. 9,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ സഹിതം ആംബുലൻസ് ഡ്രൈവർ ഡെയ്സൺ ഡിസൂസ നൽകിയ പരാതിയിലാണ് നടപടി.
ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ കാസർകോട് എൻഫോഴ്സ്മെൻ്റ് ആർടിഒ പി രാജേഷിൻ്റേതാണ് നടപടി. കെഎൽ 88 കെ 9888 എന്ന കാറാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
കാറുടമയായ മുഹമ്മദ് സഫുവാൻ്റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മിൽ. മംഗളൂരുവിൽ പോയി മടങ്ങി വരുന്ന വഴിയാണ് കാർ ആംബുലൻസിനെ വഴി തടഞ്ഞത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി ആംബുലൻസ് കാഞ്ഞാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മഡിയൻ മുതൽ കാഞ്ഞാട് വരെയാണ് ആംബുലൻസിനെ കാർ വഴി തടഞ്ഞത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ദൃശ്യങ്ങൾ സഹിതം പരാതി നൽകുയായിരുന്നു.
Content Highlights: Drove without giving way to ambulance driving licence of young man was suspended