പാലക്കാട്: ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്നും കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അത് നൂറ് ശതമാനം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണാടിയിലും മാത്തൂരും പിരായിരിയിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം ഉണ്ടാകും. മൂന്നിടത്തും യുഡിഎഫ് പുറകിൽ പോകുമെന്നും എട്ടായിരം മുതൽ പതിനായിരം വരെ വോട്ടുകൾ പാലക്കാട് നഗരസഭ പരിധിയിൽ നേടുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. ന്യൂനപക്ഷ ജനങ്ങൾക്കൊപ്പം നിന്ന പാർട്ടിയാണ് ബിജെപി.
ആ വോട്ടും നമുക്ക് തന്നെ കിട്ടും. ന്യൂനപക്ഷത്തെ വലിയൊരു വിഭാഗം ആളുകൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിലെ വലിയ ശതമാനം വോട്ട് എൻഡിഎയ്ക്ക് ലഭിക്കും. ഒമ്പത് മണിക്ക് ശേഷം ആഘോഷം ആരംഭിക്കാൻ കഴിയുമെന്നും സി കൃഷ്ണകുമാർ ആത്മവിശ്വാസത്തോടെ പറഞ്ഞു.
രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ ആര് ജയിച്ചുവെന്നുള്ള ഏകദേശ ചിത്രം ലഭിക്കും. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.
വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും വലിയ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരിച്ചു.
Content Highlights: NDA candidate C Krishnakumar says that victory is sure at palakkad