പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനെ പരിഹസിച്ച് യുഡിഎഫ് പ്രവര്‍ത്തകന്‍. സരിനെ നോക്കി ഇനി വീട്ടില്‍ പോയി പൊട്ടികരയാമെന്നായിരുന്നു യുഡിഎഫ് പ്രവര്‍ത്തകന്റെ പരിഹാസം. വോട്ടെണ്ണല്‍ നടന്ന വിക്ടോറിയ കോളേജില്‍ നിന്ന് സരിന്‍ പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു യുഡിഎഫ് പ്രവര്‍ത്തകന്‍ പരിഹസിച്ചത്. താന്‍ അതിന് ഇല്ലെന്ന് സരിന്‍ ചിരിച്ചുകൊണ്ട് പ്രവര്‍ത്തകന് മറുപടി നല്‍കി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. പി സരിന് ലഭിച്ചത് 37,293 വോട്ടുകളാണ് ലഭിച്ചത്. 2021 നെ അപേക്ഷിച്ച് 860 വോട്ടുകള്‍ മാത്രമാണ് ഇത്തവണ വര്‍ധിപ്പിക്കാനായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനാകട്ടെ പതിനെട്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. 2021 ല്‍ ഷാഫി പറമ്പില്‍ നേടിയത് 54,079 വോട്ടുകളായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചത് 58,389 വോട്ടുകളാണ്.
കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിച്ചു എന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ പി സരിന്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസിന്റെ രക്ഷകനായി ബിജെപി അവതരിച്ചു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും സരിന്‍ പറഞ്ഞു. വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന എസ്ഡിപിഐ പോലൊരു സംഘടനയാണ് കോണ്‍ഗ്രസിന്റെ പ്രചാരകരായി എത്തിയത്. എസ്ഡിപിഐ ആണ് കോണ്‍ഗ്രസിന് മുന്നേ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയത്. ചിലപ്പോള്‍ വഴിയേ എസ്ഡിപിഐ പ്രത്യക്ഷമായി കോണ്‍ഗ്രസുമായി ചേരുന്ന സ്ഥിതിയുണ്ടായേക്കാമെന്നും സരിന്‍ പറഞ്ഞിരുന്നു.
Content Highlights- p sarin reaction to a udf worker who mocked him