പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുമ്പോൾ പ്രതികരണവുമായി സന്ദീപ് വാര്യർ. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ലെന്നും അതുകൊണ്ടുതന്നെ താനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. താനൊരു സാധാരണക്കാരനായ നേതാവാണെന്ന് ആവർത്തിച്ച സന്ദീപ് വാര്യർ കെ സുരേന്ദ്രൻ ബഹിരാകാശ നേതാവാണെന്നും ആരോപിച്ചു.
സന്ദീപ് വാര്യരുടെ പ്രതികരണം
സന്ദീപ് വാര്യർ ചീളുകേസാണ്, ഒന്നുമല്ലാത്തവനാണ്, ഒരു സന്ദീപ് പോയാൽ നൂറു സന്ദീപ് വരും എന്നൊക്കെയാണല്ലോ പറഞ്ഞത്. എനിക്ക് പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ്. ഈ പരാജയത്തിൻറെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ല. ഞാനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണ്. യുഡിഎഫ് പ്രവർത്തകരുടെ അധ്വാനത്തിൻറെ ഫലമാണ് ഈ വിജയം. ഞാൻ സാധാരണക്കാരനായ ഒരു നേതാവാണ്. സുരേന്ദ്രൻ ബഹിരാകാശത്തുള്ള നേതാവാണ്.
ഏറെ നാളായി ബിജെപിയുമായി ഇടഞ്ഞ് നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷ നോതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദീപാദാസ് മുൻഷി, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ ചേർന്നാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ബിജെപിക്കെതിരെ സന്ദീപ് രൂക്ഷ വിമർശനങ്ങളാണ് തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും സന്ദീപ് നേരത്തെ പ്രതികരിച്ചിരുന്നു.
Content Highlights: Sandeep Varier says BJP will not survive unless Surendran leaves the party